തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയ 11 വിദ്യാര്‍ഥികളുടെ പ്രവേശനം പ്രവേശന മേല്‍നോട്ടസമിതി റദ്ദാക്കി. എംബിബിഎസ് പ്രവേശനം നേടുന്നതിനായി വ്യാജ സമുദായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എന്നകാരണത്താലാണ് ഇവരുടെ പ്രവേശനം ജസ്റ്റീസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി റദ്ദാക്കിയത്.
സിഎംഎസ് ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ മക്കള്‍ എന്ന നിലയില്‍ പ്രവേശനം നേടിയ ഒന്‍പതും അനുബന്ധ സമുദായാംഗം എന്ന നിലയില്‍ പ്രവേശനം നേടിയ രണ്ടും വിദ്യാര്‍ഥികളുടെ പ്രവേശനമാണ് റദ്ദാക്കപ്പെട്ടത്.
ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ് ഡേവിഡ് ലൂക്കോസ് നല്കിയ സമുദായ സര്‍ട്ടിഫിക്കറ്റാണ് ഇവര്‍ പ്രവേശനത്തിനായി ഹാജരാക്കിയത്. അദ്ദേഹം നല്കിയ സമുദായ സര്‍ട്ടിഫിക്കറ്റ് അസാധുവാണെന്നും കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായി.
പ്രവേശനം റദ്ദാക്കിയ 11 വിദ്യാര്‍ഥികള്‍ക്കും രജിസ്ട്രേഷന് നല്‍കരുതെന്ന് സമിതി ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി. അവശേഷിക്കുന്ന 89 വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് നല്‍കാനും സമിതി നിര്‍ദേശിച്ചു.