കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് പരിചയപ്പെടുത്തിയത് എറണാകുളത്തെ സംഗീത ട്രൂപ്പിലെ അംഗമെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഈ ഇടനിലക്കാരന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. കുട്ടിയെ ദത്തെടുത്തിരിക്കുന്ന അനൂപും സംഗീത ട്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളാണ്. ഈ പരിചയത്തിലാകാം ദാതാക്കളെ കണ്ടെത്താന്‍ ഇയാള്‍ പ്രവര്‍ത്തിച്ചതെന്നാണ് പോലീസ് നിഗമനം.
കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണിത്തുറ സ്വദേശികളായ അനൂപ്-സുനിത ദമ്പതികളുടെ മൊഴി എടുക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തില്‍ ഇവരെ പ്രതി ചേര്‍ക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റു മുഖ്യപ്രതിയുമായ അനില്‍കുമാറിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പരാതിയുമായിരഹ്ന വീണ്ടും
കേസിലെ പ്രതിയും നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രഹ്ന വീണ്ടും പോലീസില്‍ പരാതി നല്കി. ആശുപത്രിയിലെ മെഡിക്കല്‍ റിക്കാര്‍ഡ്സ് ജീവനക്കാരി അശ്വിനിയെയും ലേബര്‍ റൂമില്‍ അന്നുണ്ടായിരുന്നവരെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കളമശേരി പോലീസില്‍ പരാതി നല്‍കിയത്.
അവകാശി എത്തിയില്ല
ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും.
48 മണിക്കൂര്‍ പിന്നിട്ടിട്ടും കുഞ്ഞിന്റെ അവകാശിയെന്ന് പറഞ്ഞ് ആരും എത്തിയിട്ടില്ലാത്തതിനാലാണ് ശിശുക്ഷേമ സമിതി തുടര്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്.
ഇതു സംബന്ധിച്ച കത്ത് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ക്ക് ഇന്ന് രാവിലെ കൈമാറുമെന്ന് ശിശുക്ഷേമ സമിതി ചെയര്മാന് കെ.കെ. ഷാജു പറഞ്ഞു.
നിയമപരമായി ദത്തെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നതിനുള്ള ആദ്യ പടിയാണിത്. ശിശുക്ഷേമ സമിതിയിയുടെ ഔദ്യോഗിക രേഖയില്‍ “അബാഡന്റ്’ എന്ന് രേഖപ്പെടുത്തിയാല്‍ കുട്ടിയെ ദത്ത് നല്കാന് നിയമപരമായി അനുമതി ലഭിക്കും.
ഇതിനു ശേഷം ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് വരുന്ന ദമ്പതികള്‍ക്ക് നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് കുഞ്ഞിനെ കൈമാറും.
രണ്ട് മാസത്തിനിടെ കുഞ്ഞിനെ ആവശ്യപ്പെട്ട് യഥാര്‍ഥ മാതാപിതാക്കള്‍ എത്തിയാല്‍ ദത്ത് നടപടികള്‍ അസാധുവായി മാറുകയും ചെയ്യും.
തിങ്കളാഴ്ചയാണ് കുഞ്ഞിനെ ദത്തെടുത്ത അനൂപ് എന്നയാളുടെ സഹോദരിയും ഭാര്യയുടെ സഹോദരനും ചേര്‍ന്നാണ് കുഞ്ഞിനെ സിഡബ്ല്യുസിക്കു മുമ്പാകെ ഹാജരാക്കിയത്.
കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയ ശിശുക്ഷേമ സമിതി കുഞ്ഞിന്റെ പരിപാലനം ഏറ്റെടുത്ത് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
കുഞ്ഞിന്റെ യഥാര്‍ഥ ജനന സര്‍ട്ടിഫിക്കറ്റില്‍ തീയതിയും രക്ഷിതാക്കളുടെ വിലാസവും തെറ്റാണെന്ന് കണ്ടെത്തിയതില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.