കൊച്ചി/കാക്കനാട്/കളമശേരി: വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി കളമശേരി മെഡിക്കൽ കോളജിൽനിന്ന് കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ പണം നല്കിയാണോ കുഞ്ഞിനെ വാങ്ങിയതെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയ അനിൽകുമാറിനായുള്ള അന്വേഷണവും പോലീസ് തുടരുന്നുണ്ട്.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ പരാതിയിൽ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കിയോസ്ക് ഡസ്കിലെ ജീവനക്കാരി രഹ്നയെയും പോലീസ് പ്രതി ചേർത്താണ് അന്വേഷണം.
ഉദ്യോഗസ്ഥരുടെ ചാറ്റുകൾ പുറത്ത്
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ മാസങ്ങൾക്കുമുന്പേ തന്നെ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്ന ചാറ്റുകൾ പുറത്ത്. ആശുപത്രി മെഡിക്കൽ റിക്കാർഡ്സിലെ ഉദ്യോഗസ്ഥ നടത്തിയ വാട്സ്ആപ് ചാറ്റ് പോലീസ് കണ്ടെത്തി.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖ വേണമെന്നാണ് നഗരസഭാ ജീവനക്കാരിയോട് ആവശ്യപ്പെട്ടത്. അനിൽകുമാർ പറഞ്ഞിട്ടാണെന്നും കുട്ടിയുടെ വിലാസം രേഖയിൽ തിരുത്താനാണെന്നും സംഭാഷണത്തിൽ പറയുന്നുണ്ട്.
മെഡിക്കൽ റിക്കാർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ അശ്വനിയും നഗരസഭാ കിയോസ്ക്കിലെ ജീവനക്കാരി രഹനയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്.
തെളിവെടുപ്പ് പൂർത്തിയായി;റിപ്പോർട്ട് രണ്ടാഴ്ചക്കകം
കേസിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെത്തുടർന്ന് രൂപീകരിച്ച മൂന്നംഗ സമിതി തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കും.
ഡോ. വി.വി. ഉണ്ണികൃഷ്ണൻ, ഡോ. സി. രവീന്ദ്രൻ, ടി.ടി. ബെന്നി എന്നിവരുൾപ്പെട്ട സംഘം ഇന്നലെ മെഡിക്കൽ കോളജിലെത്തിയാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്.
സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾക്ക് വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയതും, ഡോക്ടറുടെ വ്യാജ ഒപ്പിട്ടതും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനിൽകുമാറെന്ന് കണ്ടെത്തിയിരുന്നു.
സർട്ടിഫിക്കറ്റ് അനുവദിച്ച കളമശേരി നഗരസഭ ജീവനക്കാരിക്കും വീഴ്ച പറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കുഞ്ഞ് ശിശുസംരക്ഷണ കേന്ദ്രത്തിൽ
ഇന്നലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്പാകെ ഹാജരാക്കിയ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വൈദ്യ പരിശോധനക്ക് ശേഷമാണ് കളമശേരിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
കുട്ടിയെ നിയമവിരുദ്ധമായി ഏറ്റെടുത്ത ദന്പതികളുടെ ബന്ധുക്കളാണ് ഇന്നലെ രാവിലെ കുട്ടിയെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കിയത്.
കുട്ടിയുടെ യഥാർഥ മാതാപിതാക്കൾ വന്നില്ലെങ്കിൽ കുട്ടിയെ ഉപേക്ഷിക്കപ്പെട്ടതായി കണക്കാക്കി ദത്ത് നടപടികളിലേക്ക് കടക്കുമെന്നു സിഡബ്യുസി ചെയർമാൻ കെ.കെ. ഷാജു പറഞ്ഞു. യഥാർഥ മാതാപിതാക്കൾക്ക് കുട്ടിയെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അത് രേഖാമൂലം അറിയിക്കണം. തുടർന്നാകും ദത്ത് നടപടികൾ.
യഥാർഥ മാതാപിതാക്കളെ കണ്ടെത്താൻ പത്രപരസ്യം നൽകുമെന്നും അദേഹം പറഞ്ഞു. കുട്ടിയെ ഹാജരാക്കിയവരുടെ മൊഴി കളമശേരി പോലീസ് രേഖപ്പെടുത്തി.
കുട്ടിയുടെ യഥാർഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ ഇവരുടെ മൊഴിയും രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
അനിൽകുമാറും രഹ്നയും പ്രതികൾ
കേസിൽ കളമശേരി മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ പരാതിയിൽ അനിൽകുമാറിനെയും രഹനെയും പ്രതികളാക്കി പോലീസ് പുതിയ കേസ് എടുത്തു.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകളാണ് ചമത്തിയിട്ടുള്ളത്. സംഭവത്തിന് പിന്നാലെ സസ്പെൻഷനിലായ അനിൽകുമാർ ഒളിവിൽ തുടരുകയാണ്.
അതിനിടെ കുട്ടി ജനിച്ചത് കളമശേരി മെഡിക്കൽ കോളജിൽ തന്നെയെന്ന് വ്യക്തമായതിന് പിന്നാലെ കുഞ്ഞിന്റെ യഥാർഥ ജനന സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ മാതാപിതാക്കളുടേ മേൽവിലാസം തെറ്റാണെന്ന് കളമശേരി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
2022 ഓഗസ്റ്റ് 27നാണ് കുട്ടി ജനിച്ചത്. സെപ്റ്റംബർ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റർ ചെയ്തത്. എറണാകുളം ജില്ലയിലുള്ള ദന്പതികളാണ് കുട്ടിയുടെ യഥാർഥ മാതാപിതാക്കളെന്നാണ് വിവരം.