അഞ്ചല്‍ : ഏരൂരില്‍ നാഡി ചികിത്സയുടെ മറവില്‍ നാട്ടുകാരെ ചികിത്സിക്കുകയും അമിത അളവില്‍ മെര്‍ക്കുറി അംശം ചേര്‍ത്ത ഗുളികള്‍ നല്‍കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ എറണാകുളത്തിനടുത്ത് നിന്നും ഇന്ന് പുലര്‍ച്ചയോടെ ഏരൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. പിടിയിലയിരിക്കുന്നവര് വ്യാജ വൈദ്യന്മാരുടെ സഹായികളാണ്. ഇവരില്‍ പ്രധാനി ഉണ്ടോ എന്ന കാര്യവും പോലീസ് പുറത്ത് വിട്ടിട്ടില്ല.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാഡി ചികിത്സയുടെ മറവില്‍ വീടുകള്‍ കയറി ഇറങ്ങി നാളുകളായി ഭേദമാകാത്ത അസുഖങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ചികിത്സിച്ചു ഭേദമാക്കും എന്ന ഉറപ്പ് നല്കി പലരില്‍ നിന്നുമായി സംഘം ലക്ഷങ്ങള്‍ തട്ടി എടുത്തതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ ചികിത്സിച്ച പലരും അസുഖം കൂടിയതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
ഇവര്‍ ചികിത്സിച്ച നാലുവയസുകാരനെ അടക്കം ഗുരുതാരാവസ്ഥയില്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരാതി നല്‍കിയതോടെ വ്യാജ വൈദ്യന്മാര് ഒളിവില്‍ പോയി. തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ജില്ല ആരോഗ്യ വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്