പത്തനംതിട്ട: വീട്ടമ്മമാരടക്കം നിരവധിപേരെ കബളിപ്പിച്ച് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പിനുവേണ്ടി കോടതി ഉത്തരവുകളും വ്യാജമായി നിര്മിച്ചു.
ഒരുലക്ഷം രൂപ വായ്പയായി തന്നാല് വന്തുക മടക്കി നല്കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ സംഭവത്തിലാണ് പ്രതികൾ കോടതി ഉത്തരവുകളും വ്യാജമായി നിർമിച്ചെന്നു കണ്ടെത്തിയത്.
കേസിൽ സ്ത്രീയെയും സഹായിയായ പുരുഷനെയും കഴിഞ്ഞദിവസം കൊടുമണ് പോലീസ് അറസ്റ്റു ചെയ്തിരുന്നു.അറസ്റ്റിലായ കോന്നി വെള്ളപ്പാറ സ്വദേശിനിയായ കെ. രമ (44) കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടില് സന്തോഷ്കുമാറിന്റെ ഭാര്യയാണ്.
ഇവരുടെ സഹായി ഓട്ടോറിക്ഷ ഡ്രൈവറായ കോന്നി താഴം ചെങ്ങറ ചരുവിളവീട്ടില് കുമ്പഴ ചരിവുപറമ്പില് സജു (44)വും അറസ്റ്റിലായി. ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂര് ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശം തനിക്കാണെന്നും 230 കോടിയോളം വിലവരുന്ന വസ്തു ദേവസ്വം ബോര്ഡ് ഏറ്റെടുത്തിട്ടുണ്ടെന്നും വില വാങ്ങുന്നതിനുള്ള കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നല്കിയാല്, ബാങ്ക് വായ്പകള് അടച്ചുകൊള്ളാമെന്നുമൊക്കെയാണ് വീട്ടമ്മമാര്ക്ക് സംഘം നല്കിയ വാഗ്ദാനം.
കൊടുമണ് ഐക്കാട് കിഴക്ക് ഐക്കരേത്ത് കിഴക്കേചരിവ് തൊട്ടരികില് പുത്തന്വീട്ടില് സജി ബേബിയുടെ ഭാര്യ മാറിയാമ്മ ചാക്കോയില്നിന്നു പല കാലയളവിലായി 5,65,000 രൂപയും നാലര പവന് സ്വര്ണവും ഇവര് കൈക്കലാക്കി.
തുകയും സ്വര്ണവും തിരികെ ചോദിച്ചപ്പോള്, സര്ക്കാര് മുദ്രയോടുകൂടിയ ജില്ലാ സെഷന്സ് കോടതി ഉത്തരവ് വ്യാജമായി നിര്മിച്ചശേഷം സത്യമാണെന്നു വിശ്വസിപ്പിച്ച്, തുകയും മറ്റും തിരിച്ചുകൊടുക്കാതെ പറ്റിക്കുകയായിരുന്നു.
ചതിക്കപ്പെട്ടുവെന്ന് മനസിലായപ്പോള് മാറിയാമ്മ കൊടുമണ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്കുകയാണുണ്ടായത്. ഇവര് മുദ്രപ്പത്രത്തില് നല്കിയ രേഖകളും മറ്റും പരിശോധിച്ചു.
അവ വ്യാജമാണെന്ന് അന്വേഷണത്തില് വ്യക്തമായി. കളവായി പ്രതികള് നിര്മിച്ച കോടതി ഉത്തരവ്, പ്രതികള്ക്ക് നല്കാനുള്ള പണത്തിനായി സ്വര്ണം പണയം വച്ചതിന്റെ രസീതുകള്, തീറാധാരം എഴുതി പണയപ്പെടുത്തുന്നതിലേക്ക് മുദ്രപ്പത്രത്തിലെഴുതിയത്, പ്രതിയായ രമയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് തുടങ്ങിയ തെളിവുകള് കൂടുതല് പരിശോധനയ്ക്കായി പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.