സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് പൊതുഗതാഗതസംവിധാനത്തെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയുള്ള വ്യാജ ഡീസല്‍ നിര്‍മാണ ഉറവിടം അജ്ഞാതം. മാസങ്ങള്‍ക്ക് മുമ്പ് വ്യാജ ഡീസല്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇത് എവിടെ നിന്നാണ് നിര്‍മിക്കുന്നതെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ പ്രോസസിംഗ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി പോലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്ത പരിശോധന നടത്തുകയാണ്.
ഇന്നലെ ഗതാഗതി മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് വ്യാജ ഡീസല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ എല്ലാ ജില്ലകളിലും വ്യാജ ഡിസല്‍ ഉറവിടം സംബന്ധിച്ചും ഉപയോഗം സംബന്ധിച്ചും കര്‍ശന പരിശോധന നടത്തും.
ഉത്തരമേഖലയില്‍ സ്ക്വാഡുകള്‍ രൂപീകരിച്ചുള്ള പരിശോധനയാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്.രാജീവ് രാഷ്്ട്രദീപികയോട് പറഞ്ഞു.
ഡീസല്‍ വില കുതിച്ചുയര്‍ന്നതോടെയാണ് വ്യാജ ഡീസല്മാഫിയയും തഴച്ചുവളരുന്നത്. ഇവ യഥേഷ്ടം വിപണിയില്‍ എത്താന്‍ തുടങ്ങിയാല്‍ ജനങ്ങളുടെ ജീവനും പരിസ്ഥിതിക്കും സര്‍ക്കാരിന്റെ വരുമാനത്തിനും ഭീഷണിയായി മാറും.
നിര്‍മാണc രഹസ്യമായി
കപ്പലുകളുടെ യാത്ര പൂര്‍ത്തിയായതിനു ശേഷം ഇന്ധന ടാങ്കില്‍ ശേഷിക്കുന്ന ഡീസല്‍ ഖരത്വമേറിയ അവസ്ഥയിലേക്കു മാറും. ഇത് ഒഴിവാക്കുമ്പോള്‍ നിസാരവിലയ്ക്കു വാങ്ങി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്താണ് വ്യാജ ഡീസല്‍ നിര്‍മിക്കുന്നതെന്നാണ് പറയുന്നത്.
വ്യാജ ഡീസലിനു കപ്പല്‍ ഡീസല്‍, സുനാമി ഡീസല്‍, കൊറോണ ഡീസല്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്.
അതേസമയം പെയിന്റിംഗിനും മറ്റുമായി ഉപയോഗിക്കുന്ന ടര്‍പ്പന്റൈന്‍ വേര്‍തിരിച്ചെടുത്ത ശേഷം വരുന്ന വസ്തുക്കളില്‍ മറ്റു രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് പ്രത്യേകം സംസ്കരിച്ചെടുത്താണ് വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതെന്നും പറയുന്നുണ്ട്.
കുന്നംകുളം കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാജ ഡീസല്‍ എത്തിക്കുന്നതെന്നാണ് മോട്ടോര്‍വാഹന വിഭാഗത്തിന് ലഭിച്ച വിവരം.ഏതെങ്കിലും ഫാക്ടറിയുടെ മറവിലും മറ്റും ഇത്തരത്തില്‍ വ്യാജ ഡീസലുകള്‍ നിര്‍മിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
സംയുക്ത ഓപ്പറേഷന്
വ്യാജ ഡീസല്‍ ഉപയോഗവുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നതിന് പിന്നാലെ പോലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്ത പരിശോധന നടത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം 120 ലേറെ വാഹനങ്ങളിലാണ് രണ്ടാഴ്ച മുമ്പ് പരിശോധന നടത്തിയത്.
ഇതില്‍ ഒരു വാഹനത്തില്‍ വ്യാജ ഡീസല്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്.പ്രധാനമായും പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് വ്യാജ ഡീസല്‍ സംബന്ധിച്ചുള്ള പരാതികള്‍ വന്നത്.
ഓരോ ജില്ലയിലും പോലീസ് സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി മോട്ടോര്‍വാഹനവകുപ്പ് സ്ക്വാഡുകള്‍ രൂപീകരിക്കാനാണ് തീരുമാനിച്ചത്. ഡീസലിന്റെ വിലയേക്കാള്‍ പകുതി വില നല്കിയാല് വരെ വ്യാജ ഡീസലുകള്‍ ലഭിക്കുന്നുണ്ട്. രാത്രിയിലാണ് ഏജന്റുമാര്‍ ബാരലുകളുമായി ബസ് ജീവനക്കാരെ സമീപിക്കുന്നത്.
ചെറിയ ബാരലുകള്‍ ബസുകള്‍ക്കുള്ളില്‍ എത്തിക്കുകയും പൈപ്പ് ഉപയോഗിച്ച് ഇന്ധന ടാങ്കിലേക്ക് നിറയ്ക്കുകയുമാണ് ചെയ്യുന്നത്. വേഗത്തില്‍ കത്തിപ്പിടിക്കാവുന്ന ബയോ ഡീസലാണ് വ്യാജ ഡീസലായി എത്തുന്നത്.
നിരവധി യാത്രക്കാരുമായി ദിവസേന സഞ്ചരിക്കുന്ന ബസുകളില്‍ ഇത്തരം ഡീസലുകളുടെ ഉപയോഗം അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും.
യാത്രയില്‍ ഏതെങ്കിലും ചെറിയ അപകടമുണ്ടായാല്‍ പോലും ഇത് വന്‍ അഗ്നിബാധയ്ക്കിടയാക്കും. കൂടാതെ പരിസര മലിനീകരണവും വര്‍ധിപ്പിക്കും. ആഴ്ചകള്‍ക്ക് മുമ്പ് പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽനിന്ന് വ്യാജ ഡീസല്‍ പിടികൂടിയിരുന്നു.