ഒറ്റപ്പാലം: മുറിവൈദ്യന്മാർക്കും വ്യാജഡോക്ടർമാർക്കുമെതിരെ ആരോഗ്യവകുപ്പും പോലീസും കർശന നടപടികളിലേക്ക്. കൊറോണ രോഗബാധ വ്യാപകമാകുന്നതിനിടെ ജനങ്ങളെ കബളിപ്പിച്ച് വ്യാജന്മാർ ചികിത്സാരംഗത്ത് വ്യാപകമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കർശനനടപടി സ്വീകരിക്കാൻ അധികൃതർ നടപടികൾ തുടങ്ങിയത്.
ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. മുറിവൈദ്യന്മാരും വ്യാജഡോക്ടർമാരും ജില്ലയിൽ വ്യാപകമായി കൊറോണയടക്കം ചികിത്സ നടത്തുന്നതായി ബന്ധപ്പെട്ടവർക്ക് സൂചന ലഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് നടപടി കർക്കശമാക്കാൻ തീരുമാനിച്ചത്.
ആരോഗ്യവകുപ്പും പോലീസും ഇത്തരത്തിൽ ലഭിച്ച വിവരങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മണ്ണൂരിൽനിന്നും ഒരു വ്യാജ ആയുർവേദ വൈദ്യനെ പിടികൂടിയിരുന്നു.മണ്ണുർ കിഴക്കുംപുറം കോഴിചുണ്ട പുത്തൻവീട്ടിൽ കെ.എം.മുഹമ്മദാലി (39)യാണ് പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷിബു, ഡ്രഗ് ഇൻസ്പെക്ടർ ഡോ. ശ്രീധരൻ, കെ.ആർ.നവീൻ, ഇ.എൻ.ബിജിൻ എന്നിവരുടെ നേതൃത്തിലാണ് മുഹമ്മദാലിയുടെ കോഴിചുണ്ടയിലെ അറബി ചികിത്സാലയത്തിൽ പരിശോധന നടത്തിയത്.
ചികിത്സാ ഉപകരണങ്ങളും കന്പനിമരുന്നുകളും ഇവിടെനിന്ന് പിടികൂടിയിരുന്നു. 18 വർഷമായി പല ഭാഗങ്ങളിലായി മാറാരോഗങൾക്കടക്കം മുഹമ്മദാലി ചികിത്സ നടത്തിവന്നിരുന്നതായി അന്വേഷണത്തിൽ കണ്ടത്തിയിരുന്നു.
മണ്ണൂരിൽ ചികിത്സ തുടങ്ങിയിട്ട് നാലുവർഷമായി. ആഴ്ചയിലൊരിക്കലാണ് മണ്ണൂരിൽ ചികിത്സ. യാതൊരു ചികിത്സാ സർട്ടിഫിക്കറ്റുകളുമില്ലാതെയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.
എസ് എസ് എൽസി സർട്ടിഫിക്കറ്റുപോലും ഇയാൾക്ക് ഇല്ലെന്നും കണ്ടത്തി. പരിശോധക സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്.
ഒരിടവേളയ്ക്കുശേഷം വ്യാജ ചികിത്സക്കാരുടെ എണ്ണം വ്യാപകമായി വർധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പല ആയൂർവേദ ചികിത്സക്കാരും പാരന്പര്യ വൈദ്യന്മാരെന്ന മേലങ്കിയണിഞ്ഞാണ് ചികിത്സ നടത്തിവരുന്നത്. ഇവരിൽ പലരും ആയുർവേദ ഡോക്ടർ എന്ന മേൽവിലാസവും ഉപയോഗിക്കുന്നു.
ഇത്തരത്തിൽ ഉഴിച്ചിൽ, പിഴിച്ചിൽ, നസ്യം എന്നിവ ഉൾപ്പെടെയുള്ള ചികിത്സാമുറകൾ നടത്തുന്നവരും പ്രവർത്തിക്കുന്നു. കളരി ഗുരുക്കന്മാരെന്ന പേരിലാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നത്. ചെറിയ കെട്ടിടമുറികൾ വാടകയ്ക്കെടുത്ത് അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉഴിച്ചിൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പാരന്പര്യമായി ലഭിച്ച സിദ്ധികൾ സ്വായത്തമാക്കിയ മികച്ച ഗുരുക്ക·ാർക്കാണ് ഇത്തരം വ്യാജൻമാർമൂലം പ്രശ്നങ്ങൾ നേരിടുന്നത്. രോഗികളെ ചികിത്സിക്കാൻ പാരന്പര്യ വൈദ്യന്മാർക്കും നിയമം മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മതിയായ വിദ്യാഭ്യാസമോ ചികിത്സാ സർട്ടിഫിക്കറ്റുകളോ ഇല്ലാതെ ചികിത്സിക്കുന്ന ഇത്തരക്കാർ രോഗികളുടെ ജീവനെടുത്താണ് അമ്മാനമാടുന്നത്. ആയുർവേദത്തിലും അലോപ്പതിയിലുമാണ് ഇത്തരക്കാർ കൂടുതലുള്ളത്.
എന്നാൽ ഹോമിയോ മേഖലയിൽ ഇതു വളരെ കുറവാണ്. കേരളത്തിൽ ഈ ചികിത്സാ സന്പ്രദായത്തിന് പ്രചാരമില്ലാത്തതാണ് ഇതിനു കാരണം. വ്യാജചികിത്സയുടെ കാര്യത്തിൽ പ്രകൃതിചികിത്സക്കാരും ഉൾപ്പെടുന്നുണ്ട്.
ചികിത്സ തേടി പോകുന്നവർ ചികിത്സ നടത്തുന്നവരുടെ യോഗ്യതകൾ പരിശോധിക്കാത്തതും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ചികിത്സയ്ക്കെത്തുന്നതും അപകടകരമായ സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ആയുർവേദ മരുന്നെന്നപേരിലും ഒറ്റമൂലികളെന്ന പേരിലും വ്യാജന്മാർ നല്കുന്ന മരുന്നുകളിലധികവും അലോപ്പതി ഗുളികകൾ അരച്ചുചേർത്ത് ഉണ്ടാക്കുന്നവയാണ്.