ആലുവ: മരുന്ന് എടുത്തു കൊടുക്കാനുള്ള പരിചയം വച്ച് മാരക രോഗങ്ങൾക്കു വരെ മരുന്നു കുറിച്ച് നൽകി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർ ഒടുവിൽ കുടുങ്ങി.
രോഗികൾക്ക് കൂടിയ അളവിൽ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ചു നൽകിയിരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനു തോന്നിയ സംശയമാണ് ഒടുവിൽ വ്യാജ ഡോക്ടറുടെ അറസ്റ്റിൽ കലാശിച്ചത്.
പരിശോധനക്കെത്തിയ എടത്തല പോലീസ് എംബിബിഎസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയതാകട്ടെ ഡിപ്ലോമ സർട്ടിഫിക്കറ്റും.
ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടർ റാന്നി വടശേരി ചെറുപുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്ണൻ (45) ആണ് പിടിയിലായത്.
രണ്ടു മാസമായി ഇവർ ഇവിടെ ചികിത്സ നടത്തി വരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പോലീസ് എത്തിയപ്പോൾ സംഗീത രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രജിസ്ടേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞു.
ഫാർമസി ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമാണ് ഇവർക്കുള്ളതെന്നും പോലീസിനോട് സമ്മതിച്ചു. ഫാർമസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവിലായിരുന്നു ചികിത്സ.
എടത്തല പോലീസ് ഇൻസ്പെക്ടർ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് റൂറൽ എസ്പി കെ. കാർത്തിക് അറിയിച്ചു.