തലശേരി: തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടത്തിയ വ്യാജ ചികിത്സയെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. പുതിയതെരു സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കണ്ണൂർ ചിറക്കൽ മൂപ്പൻപാറ കക്കറയിൽ വീട്ടിൽ ബാലകൃഷ്ണ (52) നാണ് 2020 സെപ്റ്റംബറിൽ മരണമടഞ്ഞത്.
പ്രമേഹത്തിന് വ്യാജ ഡോക്ടർ ചികിത്സിച്ചതിനെ തുടർന്നാണ് മരണമടഞ്ഞത്. ബാലകൃഷണന്റെ ഭാര്യ നിഷയുടെ പരാതി പ്രകാരം തിരുവനന്തപുരം നെടുമങ്ങാട് പെരിങ്ങമല വില്ലേജിൽ ഡിസന്റ് മുക്ക് ജംഗ്ഷന് സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫി മോൾക്കെതിരെ തലശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാജ ചികിത്സ നടത്തി വന്ന ഇവരെ നെടുമങ്ങാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ മാറാ രോഗത്തിന് ചികിത്സ എന്ന പ്രചരണം കണ്ടാണ് ബാലകൃഷണൻ തലശേരി കീർത്തി ആശുപത്രിയിൽ 2020 ഏപ്രിലിൽ ചികിത്സക്കെത്തിയത്. അഞ്ച് മാസം നീണ്ട് നിന്ന ചികിത്സക്കിടയിൽ പത്താം ക്ലാസുകാരിയായ വ്യാജ ഡോക്ടർ ബാലകൃഷണന്റെ കാൽവിരൽ മുറിച്ചു നീക്കുകയും ചെയ്തു.
ചികിത്സക്കിടയിൽ കാലിലെ മാംസം നഷ്ടപ്പെട്ട ബാലകൃഷണൻ 2020 സെപ്റ്റംബർ 24 ന് കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണമടയുകയായിരുന്നു.വെള്ളപൊടിയും വെളിച്ചെണ്ണ പോലുള്ള ദ്രാവകവുമാണ് ഡോക്ടർ ഭർത്താവിന് നൽകിയിരുന്നതെന്ന് ബാലകൃഷ്ണന്റെ ഭാര്യ നിഷ രാഷ്ട്രദീപികയോട് പറഞ്ഞു. ഒരോ തവണ പോകുമ്പോഴും 2500 രൂപയാണ് വാങ്ങിയിരുന്നത്. ഒരു മാസത്തിൽ അഞ്ച് ദിവസം ചികിത്സ തേടി തലശേരിയിൽ വന്നിരുന്നതായും നിഷ രാഷ്ട്രദീപികയോട് പറഞ്ഞു:
സ്ത്രീകളുൾപ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാജ ഡോക്ടർ ചികിത്സിച്ചിട്ടുള്ളത്. തലശേരി കീർത്തി ആശുപത്രിയിൽ ഇവർ മാറാ രോഗികളെ ദീർഘ കാലം ചികിത്സിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.