സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് നിലവില്‍ ‘കത്തി’ക്കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വര്‍ഗീയ വിഷം ചീറ്റുന്നവരെ കുടുക്കാന്‍ പോലീസ്. ഇതിനായി സോഷ്യല്‍ മീഡിയയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളും കര്‍ശനമായി നീരീക്ഷിക്കാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സാമാദുയായിക സംഘര്‍ഷങ്ങളിലേക്ക് വരെ നയിച്ചേക്കാവുന്ന ഇത്തരം സന്ദേശങ്ങള്‍ വിവിധ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടതായും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് സൈബര്‍ സെല്‍ അറിയിച്ചു.
ഇതാകട്ടെ മിക്കതും വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് വരുന്നതെന്നും മനസിലായിട്ടുണ്ട്. വിഭാഗീയതയും പരിഭ്രാന്തിയും പടര്‍ത്താനാണ് ചിലരുടെ തന്ത്രപൂര്‍വമായ ശ്രമമെന്ന് പോലീസ് പറയുന്നു.
ഇപ്പോള്‍ അടുത്ത കാലത്തായി സിനിമാതാരങ്ങളുടെ പോലും മതം തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ പേരിലും ഇത്തരം കൊലാഹലങ്ങള്‍ നടക്കുന്നുണ്ട്.
ഇത്തരം പേജുകള്‍ പൂട്ടിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വഖഫ് വിഷയവുമായി ബന്ധപ്പെട്ടും ഇത്തരം പ്രചരണങ്ങള്‍ നടന്നിരുന്നു. ഇത് ഗൗരവമായി പോലീസ് എടുത്തിട്ടുണ്ട്.
അതേസമയം ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ പാര്‍ട്ടി പരിപാടികളില്‍ ഉള്‍പ്പെടെ വര്ഗീയതപരത്തുന്നവര്ക്കെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് യഥാർഥ ഹിന്ദുഭരണം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയുള്‍പ്പെടെ വലിയ രീതിയില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ കൂടിയാണ് കരുതലുമായി പോലീസ് എത്തുന്നത്.
അതേസമയം , നിരവധി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ടതായും അതുവഴിയാണ് ഇത്തരം വര്ഗീതയവിഷം ചീറ്റുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നുമാണ് സൈബര്‍ സെല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.