കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ.
സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പരിചയപ്പെട്ടശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം (32) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിനു രാവിലെ 10നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പെൺകുട്ടിയെ വിളിച്ചുവരുത്തി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.
എന്നാൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആൾ അല്ലെന്ന് മനസിലാക്കിയ പെൺകുട്ടി കാറിൽ വച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോൺ പിടിച്ചു വാങ്ങി വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈഎസ്പി ഡി.സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജ്, എസ്ഐമാരായ വിജിത്ത് കെ. നായർ , സത്യദാസ്, സിപിഒമാരായ സജീദ് ശ്രീരാജ്, മഹേഷ്,ഷിജു,സജന,ഗായത്രി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.