ഇരിക്കൂർ: ഇരിക്കൂർ പോലീസ് സ്റ്റേഷൻ സ്ഥലം വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തതിന് ആധാരമെഴുത്തുകാരനെതിരേ കേസ്.
ഇരിക്കൂറിലെ ആധാരമെഴുത്തുകാരൻ സി.സി. മമ്മു ഹാജിക്കെതിരേയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്.ഇരിക്കൂർ പോലീസ് സ്റ്റേഷന്റെ പിറക് ഭാഗത്തെ 34 സെന്റ് സ്ഥലം ഇയാളുടെ സഹോദരി ഭർത്താവിന്റെ പേരിൽ വ്യാജ പ്രമാണമുണ്ടാക്കി രജിസ്റ്റർ ചെയ്തതായാണ് കേസ്.
1996 ൽ ഇരിക്കൂർ സബ് രജിസ്റ്റാർ ഓഫീസിൽ വച്ചാണ് രജിസ്ട്രേഷൻ നടത്തിയത്. തുടർന്ന് 1996 ൽ തന്നെ ഇരിക്കൂർ കൃഷി ഓഫീസിനും ഇരിക്കൂർ പഞ്ചായത്തിനുമായി 10 സെന്റ് സ്ഥലം വീതം ഇതിൽ നിന്ന് സൗജന്യമായി രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തു.
പിന്നീട് പരാതി ഉയർന്നതിനെ കണ്ണൂർ വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തുകയും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
തുടർന്ന് അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. ഇരിക്കൂർ പ്രിൻസിപ്പൽ എസ്ഐ കെ. ദിനേശൻ, എഎസ്ഐ പ്രശാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.