തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജമദ്യ വിൽപന വ്യാപകമാകാൻ സാധ്യതയെന്ന് എക്സൈസ് ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് എക്സൈസ് സംസ്ഥാനത്തു കരുതൽ നടപടികൾ ആരംഭിച്ചു.
സ്പിരിറ്റ് വില ഉയർന്നതോടെ വില കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം കന്പനികൾ അവസാനിപ്പിച്ചതാണ് വ്യാജ മദ്യവിൽപന വ്യാപകമാകാൻ കാരണമെന്നാണ് എക്സൈസ് കണ്ടെത്തൽ.
സ്പിരിറ്റിന്റെ വില 53 രൂപയിൽ നിന്ന് 75 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ മദ്യത്തിന്റെ വില വർധന ആവശ്യപ്പെട്ടു മദ്യക്കന്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു.
എന്നാൽ, വില ഉയർത്തിയില്ല. ഇതേ തുടർന്നു വില കുറഞ്ഞ ബ്രാൻഡുകളുടെ മദ്യ ഉത്പാദനം കുറയ്ക്കാൻ മദ്യകന്പനികൾ തയാറാകുകയായിരുന്നു.
ബിവറേജസ്, കണ്‍സ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി വില കുറഞ്ഞ മദ്യം ലഭിക്കാതാകുന്നതോടെ വ്യാജ മദ്യത്തിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
ഇതു തടയാനുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന ലോബികളെ കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും എക്സൈസ് ശക്തമാക്കി.
എക്സൈസ് വകുപ്പിന്റെ മുദ്രയില്ലാതെ മദ്യവിൽപ്പന നടത്തുന്ന ലോബി സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നുവെന്ന് നേരത്തെ എക്സൈസ് കണ്ടെത്തിയിരുന്നു.
തൃശൂർ, എറണാകുളം, അടിമാലി എന്നിവിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള മദ്യശേഖരം പിടിച്ചെടുത്ത സംഭവവുമുണ്ടായി.