ചാരുംമൂട്: ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ സിപിഎം നേതാവ് ഉൾപ്പടെ നാലുപേർക്കെതിരെ നൂറനാട് പോലീസ് കേസെടുത്തു. ചുനക്കര ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി റീത്താ പവിത്രൻ, പഞ്ചായത്തംഗം രാജേഷ്, ചുനക്കര നടുവിൽ നയനത്തിൽ അജിത, അജിതയുടെ ബന്ധു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടി ഗോപകുമാർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ചുനക്കര നടുവിൽ നയനത്തിൽ മുന്പ് താമസക്കാരനായിരുന്ന ജോസ് മാർട്ടിൻ മോറിസാണ് തന്റെ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന പരാതി നൽകിയത്. ചുനക്കര ഗ്രാമപഞ്ചായത്തിൽ 2016 ഒക്ടോബർ 19 നാണ് ജോസിന്റെ മരണം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2016 സെപ്തംബർ 17 ന് ജോസ് മരിച്ചതായാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2003 വരെ 12 വർഷത്തോളം തന്നോടൊപ്പം ചുനക്കരയിൽ താമസിക്കുകയും തന്റെ രണ്ട് കുട്ടികളുടെ മാതാവുമായ ചുനക്കര നടുവിൽ നയനത്തിൽ അജിതകുമാരിയാണ് മരണം രജിസ്റ്റർ ചെയ്തതെന്ന് ബോധ്യപ്പെട്ടിരിക്കുന്നതായി ജോസ് ചാരുംമൂട്ടിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു. തുടർന്ന് വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിന് മുൻ ചുനക്കര പഞ്ചായത്ത് സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് അംഗം, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നിവർക്കെതിരെ നൂറനാട് പോലീസിൽ ജോസ് പരാതി നൽകുകയായിരുന്നു.
ജോസ് പറയുന്നതിങ്ങനെ:
നിയമപരമായി താനും അജിതയും വിവാഹിതരല്ല. 2003 ൽ തമ്മിൽ പിരിഞ്ഞ ശേഷം താൻ കൊല്ലം പുല്ലു ചിറയിലാണ് താമസം. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. വല്ലപ്പോഴുമാണ് ചുനക്കരയിൽ വരുന്നത്. എനിക്കു കൂടി അവകാശമുള്ള ചുനക്കരയിലെ നയനം വീടും വസ്തുവും ഞാൻ മരണപ്പെട്ടുവെന്ന് വ്യാജരേഖ ഉണ്ടാക്കി അജിത നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തു. ജീവിച്ചിരിക്കുന്ന തന്റെ മരണ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീണ്ടും തട്ടിപ്പിന് ശ്രമിച്ചു വരികയാണ്.
ഒരാഴ്ച മുന്പ് അജിത അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചുനക്കര വില്ലേജ് ഓഫീസിൽ എത്തിയതോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ താൻ അറിയുന്നത്. അന്വേഷണം നടത്താതെ സർക്കാർ പദവി ദുരുപയോഗം ചെയ്തും രാഷട്രീയ സ്വാധീനം ഉപയോഗിച്ചുമാണ് മരണ സർട്ടിഫിക്കറ്റ് ചമച്ചതെന്ന് ജോസ് ആരോപിച്ചു.
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കാണിച്ച് ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കും പരാതി നൽകുമെന്ന് ജോസ് പറഞ്ഞു. സിപിഎം നേതൃത്വത്തിനും പരാതി നൽകുമെന്നും ജോസ് പറഞ്ഞു.