അമ്പലപ്പുഴ: കോവിഡ് രോഗ പ്രതിരോധത്തിനായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യാനിരുന്ന ഔഷധം നിരോധിക്കപ്പെട്ടതാണെന്നും ഡ്രഗ് കൺട്രോളറുടെ അനുമതി ഇല്ലാത്തതാണെന്നും ജില്ലാ ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ നേതൃത്വം .
ഈ വിവരം മുമ്പും പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നെന്നും ഔഷധം വിതരണം ചെയ്യാനുള്ള നീക്കം വൈദ്യശാസ്ത്രത്തിന് അപമാനമാണെന്നും അസോസിയേഷൻ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയ കത്തിൽ പറയുന്നു.
കേരള ഡ്രഗ്സ് കൺട്രോൾ ബോർഡിന്റെ അനുമതി ഇല്ലാത്ത ഔഷധം ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള നടപടിയിൽ നിന്നും പഞ്ചായത്ത് അധികൃതർ പിന്മാറണമെന്നും വ്യാജ ഔഷധ നിർമാണം നടത്തുന്ന സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ്് ഡോ. എ. സൈനുലാബ്ദിൻ ആവശ്യപ്പെട്ടു.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ 1000 കുടുംബങ്ങളിലാണ് മരുന്നിന്റെ പരീക്ഷണം നടത്താനിരുന്നത്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് നിർവഹിച്ചിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ വളഞ്ഞവഴിയിൽ പ്രവർത്തിക്കുന്ന ഒരു ആയൂർവേദ സ്ഥാപനത്തിന്റെ ഇമ്മ്യൂണിറ്റി ബൂസ്റ്റർ പൗഡറാണ് പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. 100 ഗ്രാം പൗഡർ 5 ലിറ്റർ വെള്ളത്തിലാക്കി കഴിക്കാനായിരുന്നു നിർദ്ദേശം.
ഇത് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് സ്ഥാപനം പറയുന്നത്. 100 ഗ്രാം പൗഡറിന് 5999 രൂപയാണ് വില. പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചായത്ത് വിവിധ വാർഡുകളിലെ 1000 കുടുംബങ്ങൾക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്.
ആയൂർവേദ വകുപ്പിന്റെ അനുമതി തേടാതെയാണ് ജനങ്ങളിൽ മരുന്നിന്റെ പരീക്ഷണം നടത്താനുള്ള നീക്കം നടക്കുന്നത്.വ്യാജമരുന്ന് നിർമ്മാണം നടത്തിയതിന്റെ പേരിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചിട്ടുള്ളതാണ്.
പ്രമേഹത്തിന് ദിവ്യ ഔഷധം കണ്ടുപിടിച്ചെന്ന പ്രചാരണം നടത്തി നിരവധി രോഗികളാണ് വഞ്ചിക്കപ്പെട്ടത്. തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തി നടപടി സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് കോവിഡ് പ്രതിരോധ മരുന്നുമായി സ്ഥാപനം വീണ്ടും രംഗത്തെത്തിയിട്ടുള്ളത്.