മുക്കം: ജമാഅത്തെ ഇസ്ലാമിയെ അനുസരിക്കാൻ കഴിയാത്തവർ ചേന്ദമംഗല്ലൂർ വിട്ടു പോകണമെന്ന് ഭീഷണി സന്ദേശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
മുക്കം നഗരസഭയിലെ “ചേന്ദമംഗല്ലൂരിൽ വെൽഫെയർ പാർട്ടിയോട് എതിരിടുന്നത് വെറുതെയാണെന്നും അതിനേക്കാൾ നല്ലത് നാടുവിടുകയാണെന്നുമാണ് ജമാഅത്തെ ഇസ്ലാമിക്കാരന്റെ ഭീഷണി.
വെൽഫെയർ പാർട്ടി – യുഡിഎഫ് കൂട്ടുകെട്ട് സംബന്ധിച്ച വിവാദം കത്തി പടരുന്നതിനിടെയാണ് അതിനെ കുറിച്ചുള്ള വിവാദത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമിക്കാരൻ വാട്സ് ആപ്പിലൂടെ ഇങ്ങനെ പറയുന്നത്.
വെൽഫെയർ പാര്ട്ടിയും യുഡിഎഫും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറ്റപ്പെടുത്തുന്നവരും ന്യായീകരിക്കുന്നവരും തമ്മിൽ വാട്സ്ആപ് ഗ്രൂപ്പുകളിൽ നടത്തുന്ന സംവാദമാണ് സഹിഷ്ണുതയുടെ സീമ ലംഘിച്ച് നാടുവിട്ടു പോകാൻ ആവശ്യപ്പെടുന്നതിൽ എത്തിയത്.
കൂട്ടുകെട്ട് ഇഷ്ടപ്പെടാത്തവരും വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ശൈലി അംഗീകരിക്കാൻ കഴിയാത്തവരും ചേന്ദമംഗല്ലൂരിൽ നിന്ന് നാടുവിട്ട് പോകാൻ ആവശ്യപ്പെടുന്ന ഒരു ശബ്ദ സന്ദേശമാണ് വിവാദം കൊഴുപ്പിച്ചത്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖന്റെ മകനാണ് ശബ്ദ സന്ദേശത്തിതിന്റെ ഉടമയെന്നാണ് അറിയുന്നത്. “ഇവിടെ ഈ സാധനം (ജമാഅത്തെ ഇസ്ലാമി) ശക്തിയാണ്. കുറേ കാലമായിട്ടുള്ള യാഥാർഥ്യമാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
ചേന്ദമംഗല്ലൂരിൽ ജീവിക്കുന്നിടത്തോളം കാലം അത് സഹിക്കണം.അല്ലെങ്കിൽ ഈ നാട്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്യുക’ എന്ന് ശബ്ദ സന്ദേശത്തിൽ വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. “എവിടെയെങ്കിലും നല്ല സ്ഥലത്ത് പോയി മൈഗ്രേറ്റ് ചെയ്തോ’എന്ന് ആവർത്തിക്കുന്നുമുണ്ട്.
ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള പ്രദേശത്തുനിന്ന് അവരുടെ ചെയ്തികളോട് വിയോജിപ്പുള്ളവർ നാടുവിട്ടു പോകണമെന്ന് ഇപ്പോൾ തന്നെ യാതൊരു സങ്കോചവും കൂടാതെ ആവശ്യപ്പെടുന്നവർ അധികാരസ്ഥാനത്തെത്തിയാൽ എന്താവും അവസ്ഥയെന്നാണ് വിമർശകരുടെ ചോദ്യം.
രോഹിങ്ക്യൻ അഭയാർഥികളോട് നടുവിടണമെന്നാവശ്യപ്പെടുന്നതിനെ എതിർക്കുന്നവർ ജനിച്ചു വളർന്ന സ്വന്തം നാട്ടിൽ അഭിപ്രായ ഐക്യമുള്ളവർ താരതമ്യേന കുറവാണെന്നതിന്റെ പേരിൽ പലായനം ചെയ്യാനാവശ്യപ്പെടുന്നതിനെ എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യമാണ് മറ്റുള്ളവർ ഉയർത്തുന്നത്.