കണ്ണൂർ: നാട്ടിലേക്ക് പോകാനുള്ള അവസാന തീവണ്ടി കണ്ണൂരിൽ നിന്നും പുറപ്പെടുന്നുവെന്നറിഞ്ഞ് എത്തിയ ബംഗാൾ സ്വദേശികളായ അതിഥി തൊഴിലാളികളെ തിരിച്ചയച്ചു.കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി എത്തിയ 200 തൊഴിലാളികളാണ് ഇന്നലെ അർധരാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
മൂന്ന് കെഎസ്ആർടിസി ബസുകളിലാണ് ഇവർ കണ്ണൂരിൽ എത്തിയത്.കണ്ണൂരിൽ നിന്നും നാട്ടിലേക്കുള്ള അവസാന ട്രെയിനാണ് രാത്രി പോകുന്നതെന്ന് പറഞ്ഞ് ജില്ലാ ഭരണകൂടങ്ങളെ സമ്മർദ്ദം ചെലുത്തിയാണ് തൊഴിലാളികൾ കണ്ണൂരിൽ എത്തിയത്.
എന്നാൽ ബംഗാളിലേക്ക് ട്രയിനില്ലെന്ന് റെയിൽവേ അധികൃതർ അറിയിക്കുകയായിരുന്നു.തുടർന്ന് തൊഴിലാളികൾ ബഹളംവെച്ചെങ്കിലും പുലർച്ചെ മൂന്നോടെ കണ്ണൂരിലേക്ക് എത്തിച്ച അതേ കെഎസ്ആർടിസി ബസുകളിൽ മടക്കി തൊഴിലാളികളെ മടക്കിയയച്ചു.
വ്യാജ സന്ദേശം എങ്ങനെ വന്നു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി അസമിലേക്ക് ട്രയിൻ ഉണ്ടായിരുന്നു.
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇവരെ ട്രെയിനിൽ കയറ്റുമ്പോഴാണ് പശ്ചിമ ബംഗാളിലേക്കുള്ള തൊഴിലാളികൾ എത്തിയത്.ശ്രമിക് ട്രെയിനിൽ യാത്രക്കാർ നിറഞ്ഞതിനാൽ ഇവരെ പരിഗണിക്കാൻ കഴിയില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.