‘കണ്ണൂർ: നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ എത്തിയെന്ന വ്യാജ പ്രചരണത്തെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിലെത്തി. ഇന്നു രാവിലെ ഒമ്പതോടെയാണ് സംഭവം.
ഉത്തർപ്രദേശിലേക്ക് പോകുവാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയിട്ടുണ്ടെന്നും നാട്ടിലേക്ക് പോകാൻ താത്പര്യമുള്ളവർ രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തണമെന്നായിരുന്നു അതിഥി തൊഴിലാളികൾക്കിടയിലെ പ്രചാരണം.
ഇതേ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾ സംഘടിച്ച് എത്തുകയായിരുന്നു. യാത്രാബാഗും ഭക്ഷണവും കരുതി കാൽനടയായിട്ടാണ് താമസ സ്ഥലങ്ങളിൽ നിന്നും ഇവർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
എന്നാൽ കണ്ണൂരിൽ നിന്നു ഉത്തർപ്രദേശിലേക്ക് ട്രെയിൻ പോകുന്നതു സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് തൊഴിലാളികൾ പിരിഞ്ഞു പോകുകയായിരുന്നു.
നാട്ടിലേക്ക് ട്രെയിൻ സർവീസുണ്ടെന്ന് തൊഴിലാളികളെ തെറ്റിധരിപ്പിച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.