കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് പ്രിൻസിപ്പൽ ഡോ കെ. എം. കുര്യാക്കോസും മെഡിക്കൽ സൂപ്രണ്ട് ഡോ കെ. സുദീപും അറിയിച്ചു.
സമൂഹമാധ്യമങ്ങൾ വഴിയുൾപ്പെടെ തെറ്റായ വാർത്ത തയാറാക്കി പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കും. സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർക്കെല്ലാം ആന്റിജെൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു.
സ്വന്തം ബുദ്ധിമുട്ടുകൾ അവഗണിച്ച് ഈ കോവിഡ് കാലത്തും ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ് എന്നതുകൊണ്ടാണ് പൊതുവിൽ മറ്റിടങ്ങളിലില്ലാത്തവിധം ആന്റിജെൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.
പരിയാരത്ത് കോവിഡ്, കോവിഡേതര രോഗികളെ ചികിത്സിക്കാൻ പ്രത്യേക സംവിധാനം നിലവിലുണ്ട്. ഇതിൽ കോവിഡേതര വിഭാഗത്തിൽ കോവിഡ് പോസിറ്റീവായ ഒരു രോഗി എത്തിയതോടെ ജീവനക്കാരുടെ സുരക്ഷ മുൻനിർത്തി ചെയ്ത ടെസ്റ്റിൽ ഒരു ജീവനക്കാരനും കോവിഡ് പോസിറ്റീവായിട്ടില്ല.
ഗുരുതരാവസ്ഥയിലെത്തിയ ആ രോഗിയുമായി നേരിട്ടിടപഴകിയ നാലു ഡോക്ടർമാർക്കും രണ്ടു നഴ്സുമാർക്കും അസുഖം കണ്ടെത്തിയിരുന്നു. അവരുടെ സ്ഥിതി ആശങ്കയുള്ളതുമല്ല.
അക്കാര്യം കഴിഞ്ഞദിവസം വാർത്തയായതുമാണ്. ജീവനക്കാരിൽ ഇന്നലെ ആർക്കും പോസിറ്റീവായിട്ടില്ല എന്നിരിക്കെയാണ് 110 പേർക്ക് ആന്റിജെൻ ടെസ്റ്റ് നടത്തിയതുവച്ച് പരിയാരത്ത് നൂറിലേറേ പേർക്ക് കോവിഡ് പോസിറ്റീവെന്നു തെറ്റായി പ്രചരിപ്പിക്കുന്നത്.
ജനങ്ങളെ പരിഭ്രാന്തരാക്കാനേ ഇത്തരം തെറ്റായ പ്രചരണങ്ങൾ കാരണമാകൂവെന്നത് തിരിച്ചറിയണം. കോവിഡ്- കോവിഡേതര രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചില നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രി റഫറൽ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കാവൂവെന്ന നിർദേശം ജില്ലാകളക്ടർ മുമ്പാകെ വച്ചിരുന്നു.
ഈ കോവിഡ് കാലത്ത് അനാവശ്യയാത്ര ഒഴിവാക്കി പരമാവധി അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുന്നതിനും മെഡിക്കൽ കോളജ് ആശുപത്രിയിലെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കോവിഡേതര വിഭാഗത്തിലും അധികരിക്കുന്നതുമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിർദേശം മുന്നോട്ടുവച്ചത്.
ഇതും തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചു. പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കാനും അവരുടെ കുടുംബത്തെ ആശങ്കയിൽ തള്ളിവിടാനുമായി ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തുന്നവർ തീർച്ചയായും സാമൂഹ്യവിരുദ്ധ മനസിന്റെ ഉടമകളായിരിക്കണം.
ഇത്തരക്കാരുടെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് സമൂഹത്തെ പരിഭ്രാന്തരാക്കുന്ന തെറ്റായ പ്രചരണം തള്ളിക്കളയണമെന്നും ഇരുവരും വാർത്താക്കുറിപ്പിൽ അറിയിച്ചു.