നെടുമ്പാശേരി: വ്യാജ പാസ്പോർട്ടുമായി നെടുന്പാശേരി വിമാനത്താവളത്തിൽ നാല് ബംഗ്ലാദേശികൾ പടിയിലായ സംഭത്തിൽ പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനായി അന്വേഷണം.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്ക് പോകാൻ എത്തിയപ്പോഴാണ് ബംഗ്ലാദേശ് സ്വദേശികളായ സമീർ റോയി, റോയി അരു, റോയി അനികത്, നിമൈ ദാസ് എന്നിവർ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്.
ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരെ ഇന്ത്യയിൽ എത്തിച്ച ശേഷം ഇവരുടെ പേരിൽ വ്യാജ പാസ്പോർട്ട് നിർമിച്ചാണ് വിദേശത്തേക്ക് കയറ്റി വിടുന്നത്.
ഗുജറാത്തിലെ സൂറത്ത്, മധ്യപ്രദേശിലെ ലുംബിനി, പശ്ചിമ ബംഗാളിലെ ഹുബ്ളി എന്നിവിടങ്ങളിലെ വ്യാജ വിലാസങ്ങളിൽ വ്യാജ രേഖകൾ സംഘടിപ്പിച്ച് ഏജന്റ് മുഖേനയാണ് പിടിയിലായ നാല് പേരും ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ചത്.
ഏജന്റിന്റെ നിർദ്ദേശപ്രകാരമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ഷാർജയിലേക്ക് ടിക്കറ്റ് എടുത്തതെന്ന് പ്രതികൾ പോലിസിനോട് പറഞ്ഞു.
പ്രതികൾക്ക് വ്യാജ രേഖകൾ നൽകിയ ട്രാവൽ ഏജന്റിനെ അന്വേഷിച്ചു വരികയാണ്. വൻ തുക നൽകിയാണ് പാസ്പോർട്ടും വിസയും സമ്പാദിച്ചതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി മനുഷ്യക്കടത്തിന് വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി നേരത്തേ വ്യക്തമായിരുന്നു.
എന്നാൽ വിദേശികളെ ഇത്തരത്തിൽ കടത്തിവിടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുന്നത് ഇതാദ്യമാണ്.കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് നേരത്തേ പിടിയിലായിരുന്നത്.
കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിലായി ഏഴ് തമിഴ്നാട് സ്വദേശികളും 20 ആന്ധ്ര സ്വദേശികളും പിടിയിലായിരുന്നു. ഇവരുടെ പക്കൽ നിന്ന് കൃത്രിമം കാണിച്ച പാസ്പോർട്ട്, വ്യാജ വിസ രേഖകൾ, റിട്ടേൺ ടിക്കറ്റുകൾ, വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ഇവർക്ക് വ്യാജ രേഖകൾ സംഘടിപ്പിച്ചു നൽകിയ രണ്ട് ആന്ധ്ര സ്വദേശികളും റൂറൽ പോലിസിന്റെ പിടിയിലായി.
2011 ൽ സുരക്ഷാ സേനയും എമിഗ്രേഷൻ വകുപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ നെടുമ്പാശേരി വിമാനത്താവളം വഴി അരങ്ങേറിയ വൻ മനുഷ്യക്കടത്ത് സിബിഐ അന്വേഷണത്തിലൂടെ പുറത്ത് വന്നിരുന്നു.
ട്രാവൽ ഏജന്റുമാർ സംഘത്തിൽനിന്ന് കൈക്കൂലി വാങ്ങിയാണ് അനധികൃത കുടിയേറ്റത്തിന് സൗകര്യമൊരുക്കുന്നത്. ഇത്തരം സംഘങ്ങൾ ഇപ്പോഴും സജീവമാണെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.