കാസര്‍ഗോഡ്: വ്യാജ പോക്സോ കേസില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ ഹോസ്ദുര്‍ഗ് സിഐയും അഭിഭാഷകനും സഹായിച്ചതായി പരാതി.
വിദേശത്തു ജോലിചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയായ യുവാവാണ് ഹോസ്ദുർഗ് സിഐ കെ.പി.ഷൈൻ ഉൾപ്പെടെയുള്ളവർക്കെതിരേ ജില്ലാ പോലീസ് മേധാവിക്കും ഐജിക്കും പരാതി നല്‍കിയത്. പരാതി നല്‍കിയതിനു പിന്നാലെ ഹോസ്ദുർഗ് പോലീസ് യുവാവിനെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്യാതെ പണം നല്കി ഒത്തുതീര്‍പ്പാക്കണമെന്ന് ഹോസ്ദുര്‍ഗ് സിഐ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വോയ്സ് റിക്കാർഡ് യുവാവ് പുറത്തു വിട്ടു.
കേസ് ഒത്തുതീര്‍പ്പാക്കാന്‍ 15 ലക്ഷം രൂപ ചോദിച്ചെന്നാണ് വക്കീല്‍ പറയുന്നതെന്ന് സിഐയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പരാതിക്കാരന് പറയുന്നു. പിന്നീട് ഇത് 10 ലക്ഷമാക്കി കുറച്ചെന്നും പറയുന്നു.
എന്നാൽ, പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്താൽ നിങ്ങള്‍ക്ക് കൂടുതല്‍ പ്രശ്നമുണ്ടാകുമെന്നും ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നും വിദേശത്ത് പോകാനാവില്ലെന്നും അതിനാല്‍ വക്കീലുമായി സംസാരിച്ച് അവര്‍ പറയുന്ന പണം നല്കി കേസ് ഒത്തുതീര്‍പ്പാക്കണമെന്നുമാണ് ഹോസ്ദുര്‍ഗ് സിഐ കെ.പി.ഷൈന്‍ നിര്‍ദേശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
സിഐയ്ക്കു പുറമേ കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ നുസൈബ്, ജെഡിഎസ് പ്രാദേശിക നേതാവായ നൗഫൽ എന്നിവരുടെ പേരും പരാതിയിൽ പറയുന്നുണ്ട്.
നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് വിദേശത്തു ജോലിചെയ്യുന്ന യുവാവിനെതിരേ പെൺകുട്ടിയുടെ വീട്ടുകാർ പോക്സോ കേസ് നല്‍കിയത്. വിവാഹത്തില്‍ നിന്നും പിന്മാറിയതിനുള്ള നഷ്ടപരിഹാരമായി 25,000 രൂപ നല്‍കിയിരുന്നു.
കഴിഞ്ഞമാസം മറ്റൊരു പെൺകുട്ടിയുമായി യുവാവിന്റെ വിവാഹം നടക്കുകയും ചെയ്തു. ഇതിനുശേഷമാണ് ആദ്യം വിവാഹമാലോചിച്ച പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെതിരെ പോക്സോ പരാതിയുമായി രംഗത്തെത്തിയത്.
ഇത് ഒത്തുതീർപ്പാക്കുന്നതിനായി 15 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ സഹായിക്കുന്ന തരത്തിലാണ് സിഐ ഇടപെട്ടതെന്നാണ് യുവാവിന്റെ പരാതിയിൽ പറയുന്നത്. സിഐയുടെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി സമർപ്പിച്ചത്.