കോട്ടയം: പോലീസ് ചമഞ്ഞ് വ്യാജ റിക്രൂട്ടിംഗ് നടത്തിയതിന് അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെയാണ് ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുന്നത്.
റിക്രൂട്ടിംഗ് നടത്തിയ കൊല്ലാട് കടുവാക്കുളത്ത് ഇവരെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികൾ തട്ടിപ്പ് നടത്തിയ മറ്റു ചില സ്ഥലങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുപോകുമെന്ന് ഈസ്റ്റ് എസ്ഐ വ്യക്തമാക്കി. രണ്ടു ദിവസം പ്രതികൾ പോലീസ് കസ്റ്റഡിയിലുണ്ടാവും. ഇവരെ വിശദമായി ചോദ്യം ചെയ്ത് തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും പോലീസ് പറഞ്ഞു.
എന്നാൽ മുഖ്യപ്രതി അടക്കം ആറു പേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ട്രാഫിക് കോണ്‍സ്റ്റബിൾ എന്ന തസ്തികയിലേക്കാണ് ഇവർ ആളുകളെ റിക്രൂട്ട് ചെയ്തത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ റിക്രൂട്ടിംഗിന് ശേഷമാണ് കോട്ടയത്ത് നടത്തിയത്. പോലീസ് ചമഞ്ഞ് ചിലയിടങ്ങളിൽ വാഹന പരിശോധനയും നടത്തിയിരുന്നു.
വ്യാജ പോലീസിനെ കുടുക്കിയത് മുഖ്യപ്രതിയുടെ മകനും കൂട്ടുകാരനും ചേർന്നാണ്. അച്ഛൻ യഥാർഥ പോലീസ് ആണോ എന്നു ചോദിച്ച് പോലീസിനെ സമീപിച്ചതോടെയാണ് വ്യാജ പോലീസുകാരുടെ മേൽ കുരുക്കു വീണത്. മകന്റെ കൂട്ടുകാരനും അച്ഛന്റെ റിക്രൂട്ടിംഗ് സ്ഥാപനത്തിൽ നിന്ന് നിയമനം ലഭിച്ചിരുന്നു. ട്രാഫിക് കോണ്‍സ്റ്റബിൾ എന്നായിരുന്നു പോസ്റ്റ്.
നിയമനം സ്ഥിരമാകുമോ എന്നറിയാനാണ് മുഖ്യപ്രതിയുടെ മകനും കൂട്ടുകാരനും പോലീസിനെ സമീപിച്ചത്. നിയമന ഉത്തരവും മറ്റും പോലീസ് കണ്ടതോടെയാണ് തട്ടിപ്പാണെന്നു വ്യക്തമായത്. പിന്നീട് റിക്രൂട്ട്മെന്റ് നടത്തിയിരുന്ന മൈതാനം വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.