കോട്ടയം: കടുവാക്കുളത്ത് റിക്രൂട്ടിംഗ് സംഘടിപ്പിച്ച വ്യാജ പോലീസ് യൂണിഫോം വാങ്ങിയത് എറണാകുളം തേവരയിൽ നിന്ന്. വിവിധ ഫോഴ്സുകളിലേക്കുള്ള യൂണിഫോം വിൽപന നടത്തുന്ന കടയിൽ നിന്നാണ് പ്രതികൾ പോലീസ് യൂണിഫോം വാങ്ങിയത്.
ഇന്നലെ പ്രതികളെ തേവരയിലെ കടയിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ കടയിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. ഒരു മാസം മുൻപാണ് ഇവർ കടയിലെത്തി യൂണിഫോം വാങ്ങിയത്. ഏഴു പേർക്കുള്ള യൂണിഫോം ആണ് അന്നുവാങ്ങിയത്. ഒരു യൂണിഫോണിന് 1500 രൂപയാണ് വില.
തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് പ്രതികളായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതികളുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കടുവാക്കുളം സ്വദേശിയായ മുഖ്യപ്രതിയടക്കം നാലു പേരെ ഇനിയും പിടികൂടാനുണ്ട്.
ട്രാഫിക് കോണ്‍സ്റ്റബിൾ എന്ന തസ്തികയിലേക്കാണ് ഇവർ ആളുകളെ റിക്രൂട്ട് ചെയ്തത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ റിക്രൂട്ടിംഗിന് പദ്ധതിയിട്ടിരുന്നു. ആദ്യ റിക്രൂട്ടിംഗ് ആണ് കോട്ടയത്തേതെന്ന് പോലീസ് വ്യക്തമാക്കി. കോട്ടയത്ത് പോലീസ് ചമഞ്ഞ് ചിലയിടങ്ങളിൽ വാഹന പരിശോധനയും നടത്തിയിരുന്നതായി പറയുന്നു.
എന്നാൽ എവിടെയാണ് പരിശോധന നടത്തിയതെന്ന വിവരം ലഭിച്ചിട്ടില്ല. ഇതിനിടെ പ്രതികൾ റിക്രൂട്ടിംഗ് നടത്തിയ ദിവസങ്ങളിൽ ഭക്ഷണം വിതരണം ചെയ്ത വകയിൽ ഹോട്ടൽ ഉടമയ്ക്ക് പണം നല്‍കാനുണ്ടെന്നു പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് പോലീസിന് പരാതിയൊന്നും ലഭിച്ചിട്ടില്ല.