പയ്യന്നൂര്‍: സിപിഎം ജില്ലാകമ്മിറ്റിയംഗവും എംഎല്‍എയുമായ ടി.ഐ.മധുസൂദനനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയില്‍.
ചെറുതാഴം കൊവ്വല്കോളനിയിലെ വിജേഷ് കുമാറി(38)നെയാണ് പയ്യന്നൂര്‍ പോലീസ് മുണ്ടക്കയം വെള്ളനാടി ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപത്തുനിന്നും പിടികൂടിയത്.
ഈ മാസം അഞ്ചിന് വൈകുന്നേരം എട്ടോടെയായിരുന്നു ഇപ്പോഴത്തെ പരാതിക്കാസ്പദമായ സംഭവം. ക്രമസമാധാനം തകര്‍ക്കുംവിധത്തില്‍ ലഹളയുണ്ടാക്കാനും അപകീര്ത്തിപ്പെടുത്താനുമുദ്ദേശിച്ച് അശ്ലീല വാക്കുകളുപയോഗിച്ചായിരുന്നു ഫോണില്‍ വിളിച്ചതെന്നു കാണിച്ച് എംഎല്‍എയുടെ പയ്യന്നൂര്‍ പോലീസിൽ പരാതി നൽകിയിരുന്നു.
സമാനമായ 2016ലെ കേസില്‍ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരുന്നതിനിടയിലായിരുന്നു പുതിയ ഭീഷണി.
2018 സെപ്റ്റംബർ 14ന് മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് വധഭീഷണി മുഴക്കിയ സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നതാണ്.
വ്യാജപേരില്‍
പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.
അതിനിടയിലാണ് മുണ്ടക്കയം ഭാഗത്ത് ഇയാള്‍ ഒളിവില്‍ കഴിയുന്നതായുള്ള സൂചന ലഭിച്ചത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ വിവിധ ചെറിയ ക്ഷേത്രങ്ങളിലും ശാന്തിക്കാരനെന്ന വ്യാജേനയാണ് ഇയാള്‍ ജോലി ചെയ്തുവന്നിരുന്നത്.