കരുനാഗപ്പള്ളി : മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി അനുവദിച്ച വീട് രണ്ട് വിലാസങ്ങളിൽ രേഖയുണ്ടാക്കി രണ്ട് വീടുകൾ നേടിയെടുത്ത കേസിൽ രണ്ടുപേരെ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു. അഴീക്കൽ സ്വദേശി സുരേഷ്, ഫിഷറീസ് ഓഫീസറായിരുന്ന വിദ്യാധരൻ എന്നിവരെയാണ് ശിക്ഷിച്ചത്. ഇപ്പോഴത്തെആലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ബി സഞ്ജീവ് നൽകിയപരാതിയെത്തുടർന്നായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
ഒന്നാംപ്രതി സുരേഷിന് ഒരു വർഷം തടവും പതിനായിരംരൂപ പിഴയും വിധിച്ചു.ഫിഷറീസ് ഓഫീസറായിരുന്ന വിദ്യാധരൻ രണ്ടുവർഷം തടവും ഇരുപതിനായിരംരൂപ പിഴയും അടയ്ക്കണം. മുൻ ആലപ്പാട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സോളാർ നെറ്റോയെകേസിൽ പ്രതി ചേർത്തിരുന്നെങ്കിലുംഅദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
പതിനെട്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ രാജീവ് ഗാന്ധി നാഷണൽ ഫിഷർമാൻ റൂറൽ ഹൗസിംഗ് സ്കീം അനുസരിച്ച് ഒന്നാം പ്രതി സുരേഷ് ,ആലപ്പാട് ഒന്നാം വാർഡിലെ ജയന്തി കോളനിയിലും രണ്ടാം വാർഡിൽ പൂക്കോട്ട് ക്ഷേത്രത്തിൽ സമീപവും രണ്ട് വീടുകൾ കൃത്രിമ രേഖയുണ്ടാക്കി ഫിഷറീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേടിയെടുത്തെന്ന് ചൂണ്ടി കാട്ടി എം ബി സഞ്ജീവ് ഓംബുഡ്സ്മാന് പരാതി നൽകുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഓംബുഡ്സ്മാൻ പരാതി തള്ളിയെങ്കിലും പിന്നീട് നൽകിയ അപ്പീലിൽ അന്നത്തെ ഓംബുഡ്സ്മാൻ ആയിരുന്ന രാധാകൃഷ്ണമേനോൻ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് കേസ് 2012ൽ വിജിലൻസിന് കൈമാറുകയായിരുന്നു.
എം ബി സഞ്ജീവിനെ ഒന്നാം സാക്ഷിയായി ഉൾപ്പെടുത്തുകയും ചെയ്തു.വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുറ്റക്കാരായി കണ്ടെത്തുകയും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി അജിത് കുമാർ ശിക്ഷ വിധിക്കുകയും ചെയ്തത്.