നവാസ് മേത്തർ
തലശേരി: കേരള ബാർ കൗൺസിലിൽ നടന്നിട്ടുള്ള ഏഴ് കോടിയുടെ തട്ടിപ്പിനു പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അഭിഭാഷകരുടെ വെൽഫെയർ ഫണ്ടിലേക്കുള്ള സ്റ്റാമ്പിൽ വ്യാജ സ്റ്റാമ്പുകൾ ഉള്ളതായും റിപ്പോർട്ട്.
കോടതികളിൽ സമർപ്പിക്കുന്ന ഓരോ വക്കാലത്തിലും നിർബന്ധമായും പതിക്കേണ്ട 25 രൂപയുടെ സ്റ്റാമ്പാണ് വ്യാജമായി നിർമിച്ചു പെട്ടിക്കടകളിലൂടെ വരെ വിതരണം ചെയ്യുന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്.
ബാർ കൗൺസിലിൽ നിന്നും ബാർ അസോസിയേഷനുകൾ മുൻകൂർ പണമടച്ചു കൈപ്പറ്റിയാണ് സ്റ്റാമ്പ് വിതരണം ചെയ്യുന്നത്. ബാർ അസോസിയേഷൻ സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല.
എന്നാൽ, സംസ്ഥാനത്തെ പല ജില്ലകളിലും ആവശ്യമുള്ളതിന്റെ 25 ശതമാനം പോലും സ്റ്റാമ്പ് വാങ്ങുന്നില്ലെന്ന വിവരത്തെ തുടർന്ന് ബാർ കൗൺസിലിലെ ചില അംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് വ്യാജ സ്റ്റാമ്പിന്റെ വിപണനം വ്യാപകമാണെന്നു കണ്ടെത്തിയിട്ടുള്ളത്.
ബാർ കൗൺസിലിൽനിന്നു വാങ്ങുന്നതിനേക്കാൾ കൂടുതൽ സ്റ്റാമ്പുകൾ വക്കാലത്തുകളിൽ പതിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടെന്നു ബാർ കൗൺസിൽ അംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
ബാർ കൗൺസിൽ അംഗങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ചു വിജിലൻസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.അഭിഭാഷകരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ 30,000 പേർ ക്ഷേമനിധിയിൽ അംഗങ്ങളുമാണ്.
നിശ്ചിതവർഷം സർവീസ് പൂർത്തിയാക്കുന്നവർക്ക് പത്തു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുന്ന ക്ഷേമനിധിയിലേക്കുള്ള സ്റ്റാമ്പിലാണ് വ്യാജൻ എത്തിയിട്ടുള്ളത്. ഇതിനിടയിൽ ബാർ കൗൺസിലിൽ നടന്നിട്ടുള്ള ഏഴ് കോടിയുടെ തട്ടിപ്പ് സംബന്ധിച്ച ഹർജി ഹൈക്കോടതി നാലിനു പരിഗണിക്കും.
തലശേരിയിലെ അഭിഭാഷകനായ സി.ജി. അരുൺ അഡ്വ.ടി. ആസഫലി മുഖാന്തിരം നൽകിയ ഹർജിയാണ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കുന്നത്.
ഓഡിറ്റ് നടത്താതെ വിവിധ കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും അഴിമതി പുറത്തു കൊണ്ടു വരണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അരുൺ ഹർജിയിൽ പറയുന്നു.
സംഭവത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും പ്രാഥമിക അന്വഷണം നടത്തിയിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി ഗുജറാത്തിൽനിന്നു രണ്ട് റിട്ട.ഹൈക്കോടതി ജഡ്ജിമാരെ കമ്മീഷനായി നിയമിച്ചെങ്കിലും കോടതി ഇടപെടലുകളെ തുടർന്ന് അന്വേഷണം മുന്നോട്ടുപോയിരുന്നില്ല.
അതേസമയം, ബാർ കൗൺസിലിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നതിനിടയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നു ബാർ കൗൺസിൽ അംഗവും കേരള ബാർ കൗൺസിൽ ഡിസിപ്ലിനറി കമ്മറ്റി ചെയർമാനുമായ എം.ഷറഫുദീൻ രാഷ്ട്രദീപികയോടു പറഞ്ഞു.