കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് വഴി സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചതിനു പിന്നിലെ മുഖ്യസൂത്രധാരനെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടിനെയാണ് സി-ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്.
ബംഗളൂരു തീവ്രവാദ വിരുദ്ധസെല്‍ (എടിസി) പിടികൂടിയ ഇബ്രാഹിമിന് സംസ്ഥാനത്തെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. പ്രൊഡക്ഷന്‍ വാറണ്ടിന് അപേക്ഷിച്ച സി-ബ്രാഞ്ചിന് പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുവദിക്കുകയായിരുന്നു.
ബംഗാളിലെ സേനാ നീക്കം നിരീക്ഷിക്കുന്നതിനായി സിലിഗുഡിയിലെ കരസേനാ ഹെല്‍പ്പ് ലൈനിനെ ഉപയോഗിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മിലിട്ടറി ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇബ്രാഹിമിനെ ഒരു മാസം മുമ്പ് എടിസി പിടികൂടിയത്.
ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ബംഗളൂരുവിലെ ഒന്‍പത് ഇടങ്ങളിലാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. പാക്കിസ്ഥാനിലേക്ക് ഉള്‍പ്പെടെ ഇത്തരത്തിലുള്ള എക്സ്ചേഞ്ചുകള്‍ വഴി കോളുകള്‍ ചെയ്തിട്ടുണ്ട്. ഈ വിവരം ഇബ്രാഹിമിന് വ്യക്തമായി അറിയുകയും ചെയ്യാം.
എന്നാല്‍ പാക്കിസ്ഥാനുമായി ബന്ധപ്പെട്ട സംഘടനയേതെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതിനിടെയാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി)യുടെ വിവരത്തെ തുടര്‍ന്ന് കോഴിക്കോടും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പോലീസ് പിടികൂടിയത്.
സി-ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിച്ച എക്സ്ചേഞ്ചുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. അന്വേഷണസംഘം ബംഗളൂരുവിലെത്തി എടിസിയില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇബ്രാഹിമിന്റെ പങ്ക് വ്യക്തമാവുകയായിരുന്നു.
സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചത് വ്യാജപേരില്‍
സിലിഗുഡിയിലെ കരസേനയുടെ ഹെല്പ്പ്ലൈനില് നിന്ന് സൈനിക നീക്കം ചോര്‍ത്താന്‍ ശ്രമിച്ചത് വ്യാജ പേരില്‍. പ്രതിരോധ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന വ്യാജേനയാണ് സൈനിക ഓഫീസിലെ ഹെല്‍പ്പ് ഡസ്കിലേക്ക് വിളിച്ചത്.
സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട് തിരിച്ചുള്ള സൈനികരുടെ ചോദ്യത്തിന് വിളിച്ചയാള്‍ക്ക് മുറപടി നല്കാന് കഴിഞ്ഞില്ല. ഇതോടെയാണ് മിലിട്ടറി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്.
ലോക്കല്‍കോളായി രേഖപ്പെടുത്തിയായിരുന്നു കോളുകള്‍ എത്തിയത്. ഇവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ളതാണെന്ന് വ്യക്തമായി.
അന്വേഷണത്തിനിടെ മിലിട്ടറി മൂവ്മെന്റ് കണ്ട്രോള് ഓഫീസിലേക്കും (എംസിഒ), പ്രിന്‍സിപ്പല്‍ കണ്ട്രോളര് ഓഫ് ഡിഫന്‍സ് അക്കൗണ്ടിലേക്കും (പിസിഡിഎ) ചില വിശദാംശങ്ങള്‍ തേടി ഇതുപോലെ ചില കോളുകള്‍ എത്തിയിരുന്നായി വിവരം ലഭിച്ചു.
ഇന്ത്യയിലെ സൈനിക ക്യാമ്പുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ നടത്തിവരുന്ന സമാന്തര എക്സ്ചേഞ്ചില്‍ നിന്നാണ് ഫോണ്‍കോളുകള്‍ എത്തിയതെന്ന് തിരിച്ചറിഞ്ഞു.
സിമ്മുകള്‍ വിശദമായി പരിശോധിച്ചതില്‍നിന്ന് ചില സൂചനകള്‍ മിലിട്ടറി ഇന്റലിജന്‍സിന് ലഭിക്കുകയും ഇവര്‍ എടിസി മുഖേന പരിശോധന നടത്തി ഇബ്രാഹിമിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരുന്ന എക്സ്ചേഞ്ച് പിടികൂടുകയുമായിരുന്നു.
സിമ്മും സിംബോക്സുകളും എത്തിച്ചത് ഇബ്രാഹിം
കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏഴ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളിലേക്കും ആവശ്യമായ സിംബോക്സുകളും റൂട്ടേഴ്സും അനുബന്ധ ഉപകരണങ്ങളും എത്തിച്ചത് ഇബ്രാഹിം ആണെന്ന് അന്വേഷണസംഘം.
ചൈനയില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഇബ്രാഹിമാണ് ഏറ്റുവാങ്ങിയത്. ഇബ്രാഹിം വാങ്ങിയ അതേ ഉപകരണങ്ങളാണ് ബംഗളൂരുവിലും കോഴിക്കോടും പ്രവര്‍ത്തിച്ച സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ പോലീസ് കണ്ടെത്തിയത്.
ഇതോടെയാണ് സംസ്ഥാനത്തെ കേസുകളിലും ഇബ്രാഹിമിന്റെ നിര്‍ണായക പങ്ക് പോലീസിന് ബോധ്യമായത്. 26 സിംബോക്സുകളും 25 റൂട്ടേഴ്സും 730 സിംകാര്ഡുകളുമാണ് കോഴിക്കോട്ടുനിന്ന് പോലീസ് പിടിച്ചത്.
വിശ്രമമില്ലാത്ത അന്വേഷണം
ജൂണ്‍ ഒന്നിന് സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് പിടികൂടി രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണം സി-ബ്രാഞ്ചിന് കൈമാറാന്‍ കോഴിക്കോട് ഡിസിപി സപ്നില്‍ മഹാജന് തീരുമാനിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് സമാനമായ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസുകാരെ ഉള്‍പ്പെടുത്തി അസി.കമ്മീഷണര്‍ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു.
കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പിടികൂടിയിട്ടുണ്ടെങ്കിലും പലരും സര്‍ക്കാറിന് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് കണ്ടെത്തുകയും തുടരന്വേഷണം നടത്താതിരിക്കുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഈ കേസിലെ രാജ്യസുരക്ഷ സംബന്ധിച്ചും മറ്റുമുള്ള വിശദമായ വിവരങ്ങള്‍ സഹിതം നേരത്തെ കേസന്വേഷിച്ചവരും അസി.കമ്മീഷണറും മനസിലാക്കി. തുടര്‍ന്ന് തീവ്രവാദവുമായി ബന്ധമുണ്ടെന്ന സാധ്യതകള്‍ മുന്‍നിര്‍ത്തി അന്വേഷണം ആരംഭിക്കുകയും എടിസിയുടെ സഹായം തേടുകയുമായിരുന്നു.
സി-ബ്രാഞ്ച് എസ്ഐ എ.ആര്. സത്യന്, വി.ബി.ഷാജി, എഎസ്ഐ രാജേഷ്, സിപിഒ റിജേഷ് പ്രമോദ്, രൂപേഷ്, ജിജു എസ് ബാല്‍ എന്നിവരടങ്ങുന്ന സംഘം കോവിഡ് ഭീതിയില്‍ പോലും ബംഗളൂരുവിലേക്ക് തിരിച്ചു.
കഴിഞ്ഞ ഞായറാഴ്ച തിരിച്ച സംഘം തിങ്കളാഴ്ച എടിസിക്കു മുന്നിലെത്തുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കോഴിക്കോട്ടെ കേസില്‍ അറസ്റ്റിലായ ജുറൈസില് നിന്ന് ലഭിച്ച ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ വിവിധയിടങ്ങളിലായി സഞ്ചരിച്ച് പരമാവധി തെളിവുകള്‍ ശേഖരിച്ചു. ഇതില്‍ നിന്ന് എടിസി പിടികൂടിയ ഇബ്രാഹിമിലേക്ക് എത്തുകയായിരുന്നു.