കെ.ഷിന്റുലാല്‍
കോഴിക്കോട്: വിദേശത്തുനിന്ന് നിയമവിരുദ്ധമായി രാജ്യത്തേക്ക് ഫോണ്‍ കോളുകള്‍ എത്തിക്കുന്ന കോഴിക്കോട്ടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിച്ച സിംബോക്സ് എത്തിച്ചത് വിദേശത്ത് നിന്ന്.
ഇന്ത്യന്‍ വിപണിയില്‍ വില്പ്പനക്കില്ലാത്ത ഉപകരണങ്ങളാണ് സമാന്തര എക്സ്ചേഞ്ചില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് കേന്ദ്രഏജന്‍സികള്‍ പറയുന്നത്. ഇവ ചൈനയില്‍ നിന്നും മൊത്തമായി എത്തിച്ചതാണ്.
വിമാനമാര്‍ഗം മറ്റു വസ്തുക്കള്ക്കൊപ്പമാണ് ഇവ എത്തിച്ചത്. വിമാനതാവളത്തിലെ പരിശോധനയില്‍ പോലും ഇത്തരത്തിലുള്ള വസ്തുക്കള്‍ എത്തിയത് കണ്ടെത്താന്‍ കഴിയാത്തതില്‍ ചില ദുരൂഹതകളുണ്ട്.
ബെംഗളൂരുവിലേക്കായിരുന്നു ഇവ എത്തിയത്. അവിടെ നിന്നാണ് കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ചുകളിലേക്കായി ഉപകരണങ്ങള്‍ എത്തിച്ചത്.
മൂരിയാട് സ്വദേശി ഷബീറാണ് ഇത്തരം ഉപകരണങ്ങള്‍ എത്തിക്കുന്നതിനായി മേല്‍നോട്ടം വഹിച്ചത്. ഒരു സിംബോക്സിന് ഒന്നരലക്ഷം രൂപയോളം വിലവരുന്നുണ്ട്.
ഇത്തരത്തിലുള്ള 26 സിംബോക്സുകളാണ് കോഴിക്കോട് മാത്രമായി എത്തിച്ചത്. ഇതിന് പുറമേ 730 സിംകാര്‍ഡുകളും പിടികൂടിയിട്ടുണ്ട്. ഈ സിംകാര്‍ഡുകളെല്ലാം മൊത്തമായി മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തിച്ചതാണെന്ന സംശയത്തിലാണ് അന്വേഷണഏജന്‍സികള്‍.
ബെംഗളൂരു കേന്ദ്രീകരിച്ച് ഷബീറിന് നിരവധി ഇടപാടുകളുണ്ട്. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടുള്ള ഇടപാടുകളാണ് പ്രധാനമായുമുള്ളത്.
ദക്ഷിണേന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഇത്തരം സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം.
ഇവയെല്ലാം നിയന്ത്രിക്കുന്നത് ബെംഗളുരു കേന്ദ്രീകരിച്ചുള്ള സംഘമാണ്. ഈ സംഘവും ഷബീറുമായി അടുത്ത ബന്ധമാണുള്ളത്.ഷബീറിന്റെ ബന്ധുക്കളില്‍ ചിലരും സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിന് പിന്നിലുണ്ട്.
2017 ല്‍ കോഴിക്കോട് ടൗണ്‍ പോലീസ് ആനിഹാള്‍ റോഡിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലും വലിയങ്ങാടിയുടെ പഴയ പാസ്പോര്‍ട്ട് ഓഫിസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിയിലുമായി കണ്ടെത്തിയ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന് പിന്നിലും ഷബീറിന്റെ ബന്ധുവിന് പങ്കുണ്ടായിരുന്നു.
എന്നാല്‍ ഈ കേസില്‍ ബന്ധുവിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ പരിശോധന നടത്തിയ ദിവസം ഷബീര്‍ വയനാട്ടിലേക്ക് പോയെന്നാണ് പോലീസിന് അറിയാനായത്.
എന്നാല്‍ ഷബീര്‍ ബെംഗളുരുവില്‍ തന്നെയുണ്ടെന്ന വിവരമാണ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്. നിലവില്‍ കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
ഡിസിപി സ്വപ്നില്‍ എം മഹാജന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം. കോഴിക്കോട് കൊളത്തറ-ശാരദാമന്ദിരം സ്വദേശി ആഷിക് മന്സിലിന് പി.ജുറൈസിനെ (26) പോലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ സമാനന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ജീവനക്കാരന് മാത്രമാണ്. ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 406, 420 വകുപ്പുകള്‍ എന്നിവ പ്രകാരം ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.