ആലുവ: ആലുവയിൽ വ്യാജക്കള്ള് നിർമാണ കേന്ദ്രത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയ സംഭവത്തിൽ കള്ള് നിർമിച്ചിരുന്നത് സ്പിരിറ്റ് പേസ്റ്റും മറ്റ് രാസപദാർഥങ്ങളും കലർത്തി.
ശിവരാത്രി മണപ്പുറത്തിനു പിന്നിലായി ജിസിഡിഎ റോഡിലെ കേദാരം എന്നു പേരുള്ള വാടകവീട്ടിൽ ഇന്നലെ രാവിലെയോടെ നടത്തിയ റെയ്ഡിലാണ് 35 ലിറ്ററിന്റെ 42 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 1,470 ലിറ്റർ വ്യാജക്കള്ള് പിടികൂടിയത്.
ഇവിടെനിന്ന് പറവൂർ തുരുത്തിപ്പുറം വലിയപറമ്പിൽ ജിതിൻ(40), കുറുമ്പത്തുരുത്ത് കാച്ചപ്പിള്ളി വിൻസെന്റ് (63) കല്ലറയ്ക്കൽ ജോസ്(44), കൊടുങ്ങല്ലൂർ മാള വടക്കൻവീട്ടിൽ ഷാജി(42 എന്നിവരെ എക്സൈസ് സംഘം പിടികൂടി.
നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 2.5 കിലോഗ്രാം പേസ്റ്റും കണ്ടെടുത്തു. പാലക്കാടുനിന്ന് യഥാർഥ കള്ള് എത്തിച്ച ശേഷം പ്രത്യേക ടാങ്കിൽ വ്യാജക്കള്ള് കൂട്ടിച്ചേർക്കുകയാണ് ഇവിടെ ചെയ്തിരുന്നതെന്ന് റെയ്ഡിനു നേതൃത്വം നല്കിയ അസി. എക്സൈസ് കമ്മീഷണർ ടി. അനികുമാർ പറഞ്ഞു.
ഇതിൽ മറ്റു രാസമിശ്രിതങ്ങൾ ചേർക്കുന്നതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. പാലക്കാട് ചിറ്റൂർ മേഖലയിൽനിന്ന് എത്തുന്ന കള്ള് വണ്ടികൾ തോട്ടയ്ക്കാട്ടുകരയിലെത്തി തിരികെ പോകുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്ഥലം കണ്ടെത്തിയത്.
ഇതു കൂടാതെ പെർമിറ്റ് ദുരുപയോഗം ചെയ്ത് മറ്റ് വാഹനങ്ങളിൽ കള്ള് കൊണ്ടുവരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇവിടെനിന്ന് ആലുവ മേഖലയിലെ കള്ള് ഷാപ്പുകളിലേക്കാണ് മദ്യം വില്പനയ്ക്കായി എത്തിച്ചിരുന്നത്.
നടത്തിപ്പുകാരെ സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും ഇവർക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും അനികുമാർ വ്യക്തമാക്കി.