സ്വന്തം ലേഖകൻ
കണ്ണൂർ: മലപ്പുറത്ത് ചങ്ങരംകുളം ട്രഷറിയിൽ പണം നിക്ഷേിച്ചയാൾക്ക് ജീവനക്കാരൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ധനമന്ത്രിക്കും ട്രഷറി ഡയറക്ടർക്കും വിരുദ്ധനിലപാടുകൾ. സംഭവത്തിൽ സർക്കാരിന് പണം നഷ്ടം വന്നിട്ടില്ലെന്ന് ധനമന്ത്രി പറയുന്പോൾ വൻതുകയുടെ നഷ്ടം സംഭവിച്ചതായാണ് ട്രഷറി വകുപ്പ് ഡയറക്ടർ പറയുന്നത്.
മലപ്പുറം എംഎൽഎ പി ഉബൈദുല്ല യുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ധനമന്ത്രി സർക്കാരിനു പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സഭയെ അറിയിച്ചത്.
അതേസമയം ചങ്ങരംകുളം പൊന്നാനി സബ് ട്രഷറിയിൽ നടന്ന ക്രമക്കേടിൽ സർക്കാരിന് വൻ നഷ്ടം സംഭവിച്ചതായാണ് ട്രഷറി ഡയറക്ടർ പറയുന്നത്. ഇതു സംബന്ധിച്ചു അന്വേഷണം നടത്തിയ തൃശൂർ മധ്യമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട് പകർപ്പിന് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ട്രഷറി ഡയറക്ടർ ഇക്കാര്യം പറയുന്നത്. സർക്കാരിന് വൻ ധനനഷ്ടം ഉണ്ടായ സംഭവമായതിനാൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടിയാണ് ട്രഷറി ഡയറക്ടറേറ്റ് നൽകിയത്.
സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പ്രവൃത്തികൾക്കായി കരാറുകാരിൽ നിന്നും ട്രഷറി ഡെപ്പോസിറ്റുകൾ ഈടായി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ചിലർ വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിലാണ് കരാറുകൾ നേടിയെടുത്തതെന്ന് കണ്ടെത്തിയതോടെയാണ് വിഷയം ചർച്ചയായത്.
ഭരണാനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയൻ നേതാവ് കെ.സന്തോഷിന്റെ നേതൃത്വത്തിൽ ചങ്ങരംകുളം ട്രഷറി കേന്ദ്രീകരിച്ചായിരുന്നു വ്യാജ സർട്ടിഫിക്കറ്റുകളുടെ നിർമാണവും വിതരണവും നടന്നതെന്നു കണ്ടെത്തിയിരുന്നു. മൊത്തം 14.5 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതിൽ 12,31,600 രൂപയുടെ 54 വ്യാജ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റാണ് ചങ്ങരംകുളം ട്രഷറി കേന്ദ്രീകരിച്ചു നിർമിച്ചു വിതരണം ചെയ്തത്.
ആറു മാസം മുതൽ രണ്ട് വർഷം വരെ കാലാവധി ഉള്ള എഫ് ഡി സർട്ടിഫിക്കറ്റുകളാണ് ഇത്തരത്തിൽ നിർമിച്ചത്. ഇതു വഴി സർക്കാർ ഖജനാവിലേക്ക് വരേണ്ട വൻ തുക ജീവനക്കാരൻ തട്ടിയെടുക്കുകയായിരുന്നു.വസ്തുത ഇതായിരിക്കെയാണ് ധനമന്ത്രി സഭയിൽ സർക്കാരിന് സാന്പത്തിക നഷ്ടമില്ലെന്ന് അറിയിച്ചത്. വ്യാജ ട്രഷറി സർട്ടിഫിക്കറ്റുകൾ നിർമിച്ചതുൾപ്പെടെുള്ള കാര്യങ്ങളിൽ പങ്കുള്ള ഭരണാനുകൂല സർവീസ് സംഘടനാംഗങ്ങളെ സംരക്ഷിക്കുന്നതിനാണ് ട്രഷറി ഡയറക്ടറേറ്റ് വിവരവാകശ പ്രകാരം പോലും അന്വേഷണ റിപ്പോർട്ട് നൽകാതിരിക്കുന്നതെന്നും ആരോപണമുണ്ട്.
54 വ്യാജ എഫ് ഡിയും തദ്ദേശ സ്ഥാപനങ്ങളിൽ പണയത്തിലാണെന്ന ധനമന്ത്രിയുടെ പ്രസ്താവനയും ശരിയല്ല. ഇതിൽ നാലെണ്ണം വ്യക്തികൾക്ക് നൽകിയതാണ്. സർട്ടിഫിക്കറ്റ് നമ്പർ 361468 ൽ 799010500481310 എന്ന വ്യാജ നമ്പർ ചേർത്ത് രണ്ട് ലക്ഷം രൂപയുടെ എഫ് ഡി തയാറാക്കി കെ.ജെ ശിവശങ്കരൻ എന്നയാൾക്കും ജെ.കെ 33 2573 സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പി.എൻ ശോഭ എന്നവർക്ക് 799010500501008 നമ്പറിൽ ഒരു ലക്ഷം രൂപയുടെ വ്യാജ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്.
ചങ്ങരംകുളം ട്രഷറിയിൽ നിന്നും വ്യാജ എഫ് ഡി വിതരണം ചെയ്ത വിവരം പുറത്തു വന്ന ശേഷം ചങ്ങരംകുളം ട്രഷറിയുടെ പരിധിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എൻജിനിയറിംഗ് വിഭാഗം ഈട് ആയി ലഭിച്ച സർട്ടിഫിക്കറ്റ് സാധുതാ പരിശോധനക്ക് ട്രഷറിയിൽ ഹാജരാക്കിയപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്.