സ്വന്തം ലേഖകൻ
തൃശൂർ: ഓപ്പറേഷൻ ക്വാക്ക് എന്ന പേരിൽ തൃശൂരിൽ നടത്തിയ വ്യാജവൈദ്യ വേട്ടയിൽ പിടിയിലായ പലർക്കും ഉന്നത ബന്ധങ്ങളും പിടിപാടുകളും. അറസ്റ്റിലായ പലരേയും റിമാൻഡു ചെയ്തപ്പോൾ ചിലരെല്ലാം അത്യുന്നതങ്ങളിലെ പിടിപാടും ബന്ധങ്ങളും ഉപയോഗിച്ച് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യത്തിലിറങ്ങി.ജാമ്യത്തിലിറങ്ങിയ വ്യാജഡോക്ടർമാർക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണുള്ളത്. ദിവസേന അന്പതിനായിരം രൂപയോളം വരുമാനമുണ്ടായിരുന്നവരാണ് ഇതിൽ ചിലർ. കക്ഷിരാഷ്ട്രീയഭേദമന്യേ ഇവർ വൻതുകകൾ സംഭാവനയായും മറ്റും നൽകിയിരുന്നു.
തങ്ങളുടെ വ്യാജചികിത്സക്ക് രാഷ്ട്രീയ പിന്തുണ കിട്ടാൻ ഇത്തരത്തിൽ ലക്ഷങ്ങൾ ഇവർ നൽകിയിരുന്നതായാണ് വിവരം.പല പ്രമുഖ ആയുർവേദ മരുന്നുകന്പനികളുടേയും കഷായങ്ങളിലും അരിഷ്ടങ്ങളിലും അലോപ്പതി മരുന്നുകൾ ചേർത്ത് സ്വന്തം ഉത്പന്നമാക്കി മാറ്റി ചികിത്സ നടത്തുന്നവരും പിടിയിലായവരിൽ ഉണ്ട്. കൃത്യമായ അളവിലല്ലാതെ കഷായങ്ങൾ നിർമിച്ച് വിറ്റവരും കൂട്ടത്തിലുണ്ട്.
പല രോഗികൾക്കും ക്രമാതീതമായ അളവിൽ പ്രമേഹത്തിന്റെ തോത് വർധിക്കുന്നതിനും വൃക്കസംബന്ധമായ രോഗങ്ങൾ വർധിക്കുന്നതിനും ഇവരുടെ ചികിത്സയും മരുന്നും കാരണമായിട്ടുണ്ടെന്ന് തുടർന്നുള്ള വിദഗ്ധ പരിശോധനകളിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ക്വാളിറ്റി കണ്ട്രോൾ സംവിധാനവും അതിനുളള വിദഗ്ധരും വ്യാജഡോക്ടർ ഉപയോഗപ്പെടുത്തിയിരുന്നില്ല.
സ്റ്റെറോയ്ഡുകൾ നൽകി രോഗം എളുപ്പത്തിൽ മാറ്റി രോഗിയുടേയും ബന്ധുക്കളുടേയും വിശ്വാസം ആർജിക്കുന്ന തരത്തിലാണ് പല വ്യാജ ഡോക്ടർമാരും ചികിത്സ തുടങ്ങിയിരുന്നത്.ഷൊർണൂരിലും കൊല്ലത്തുമുള്ള ചില ഏജന്റുമാർ വഴിയാണ് വ്യാജൻമാർക്ക് സർട്ടിഫിക്കറ്റുകളും മറ്റും ലഭ്യമായിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവർ മുൻപ് പിടിയിലായവർ തന്നെയാണ്.
തൃശൂരിൽ നടത്തിയ വ്യാജവൈദ്യവേട്ട സംസ്ഥാനത്തൊട്ടാകെ നടത്തണമെന്ന ആവശ്യം പല സംഘടനകളും ഉന്നയിച്ചിട്ടുണ്ട്. പൊതുജനവും ഇതേ ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്.വരും ദിവസങ്ങളിൽ ഓപ്പറേഷൻ ക്വാക്കിന്റെ രണ്ടാംഘട്ടം ആരംഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന.