കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെയുള്ള വ്യാജ വീഡിയോ പ്രചാരണത്തിൽ അപലപിക്കാൻ പോലും യുഡിഎഫ് നേതാക്കൾ തയാറായില്ലെന്ന് മന്ത്രി പി. രാജീവ്.
വീഡിയോ പ്രചരിപ്പിച്ചത് നിസാരവത്കരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകുന്നത് മോശം സന്ദേശമാണ്. ജനങ്ങൾ യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം മനസിലാക്കുമെന്നും രാജീവ് പറഞ്ഞു.
യുഡിഎഫ് അനുകൂലികൾക്ക് പോലും അംഗീകരിക്കാനാവാത്ത പ്രചാരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമർശിച്ചു. വ്യാജ വീഡിയോ പ്രചാരണം ഹീനമായ പ്രവൃത്തിയാണ്.
വിഷയത്തിൽ യുഡിഎഫ് അനുകൂലികൾ പോലും ഇടതിനോടൊപ്പം നിൽക്കും. ഇടതുപക്ഷം ഒരിക്കൽ പോലും വ്യക്തിഹത്യയിലേക്ക് കടന്നിട്ടില്ല. വികസനം മാത്രമാണ് ചർച്ച ചെയ്തതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.