ആലുവ: വ്യാജ വിസ നൽകി സ്പെയിനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത് നടത്തിയ കേസിൽ അറസ്റ്റിലായ രണ്ടുപേരെ റിമാൻഡ് ചെയ്തു.
കാസർഗോഡ് ആലക്കോട് കുന്നേൽവീട്ടില്‍ ജോബിൻ മൈക്കിൾ (35), പാലക്കാട് കിനാവല്ലൂർ മടമ്പത്ത് ഭവനത്തിൽ പൃഥ്വിരാജ് കുമാർ (47) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആലുവ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.
ജോബിൻ മൈക്കിളിനെ കാസർഗോഡ് നിന്നും പൃഥ്വിരാജിനെ പാലക്കാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ലക്ഷങ്ങൾ നൽകി ശേഷം വ്യാജ വിസ കൈപ്പറ്റിയ മൂന്നുപേരെ സ്പെയിൻ ഒരാഴ്ചമുന്പ് തിരിച്ചയച്ചിരുന്നു.
വ്യാജ വിസയിൽ യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂർ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിൻ ബാബു എന്നിവരെ സ്പെയിൻ അധികൃതർ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് ഡീ പോർട്ട് ചെയ്യുകയായിരുന്നു.
പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ള ഇവർ ആറ് ലക്ഷത്തോളം രൂപ സംഘത്തിന് നൽകിയാണ് സ്പെയിനിലേക്ക് യാത്ര ചെയ്തത്.
നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ ഇമിഗ്രേഷൻ അധികൃതർ നെടുമ്പാശേരി പോലീസിന് കൈമാറുകയായിരുന്നു.
പിന്നീട് അന്വേഷണം ഏറ്റെടുത്ത എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ആണ് മനുഷ്യക്കടത്തിലെ ഏജന്റുമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി ആർ. രാജീവ്, എസ്ഐ ടി.എം. സൂഫി, എഎസ്ഐമാരായ ജോർജ് ആന്റണി, എ.എ.രവിക്കുട്ടൻ, ടി.കെ. വർഗീസ്, ടി.എ. ജലീൽ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വ്യാജ വിസകള്‍ നൽകുന്ന ഏജന്റുമാർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവരുടെ ചതിയില്‍പ്പെടരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.