ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചു സുഹൃത്തുക്കളായ രണ്ടു യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംന്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (44), പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ-കാട്ടൂർ തേക്കുംമൂല റോഡിൽ മുഹിയിദ്ധീൻ പള്ളിറോഡിനു പടിഞ്ഞാറു ഭാഗത്തു താമസിക്കുന്ന അണക്കത്തിപറന്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം.
ചന്തക്കുന്നിലും ബസ് സ്റ്റാൻഡിലുമുള്ള ഗോൾഡൻ ചിക്കൻ സെന്ററുകളുടെ ഉടമയാണു നിശാന്ത്. ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുകയാണു ബിജു. ഇരുവരും ഒരുമിച്ച് ബസ് സ്റ്റാൻഡിനു സമീപമുള്ള നിശാന്തിന്റെ കടയിൽവച്ചു മദ്യം കഴിച്ചിരുന്നു.
തുടർന്നു ഠാണാ ജംഗ്ഷനിലേക്കു ബൈക്കിൽ വരുന്ന വഴി മെയിൻ റോഡിൽ മുൻസിഫ് കോടതിക്കു സമീപത്തുവെച്ചു നിശാന്ത് കുഴഞ്ഞുവീണു.
ഉടൻ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വായിൽനിന്നു നുരയും പതയും വന്നിരുന്നതായും കണ്ണിൽനിന്നു വാതകം പോലുള്ളതു വന്നിരുന്നതായും ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയവർ പറഞ്ഞു.
ഗുരുതരാവസ്ഥയിൽ ബിജുവിനെ തൃശൂർ മെഡിക്കൽ കോളജിലാണ് പ്രവേശി പ്പിച്ചത്. ഇന്നു പുലർച്ചെ രണ്ടോടെയാണു ബിജു മരിച്ചത്. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇവർ കഴിച്ചിരുന്ന മദ്യത്തിന്റെ ബാക്കിയും രണ്ടു ഗ്ലാസും പോലീസ് കണ്ടെടുത്തു. ചാരായത്തിന്റെ മണമുള്ള വെള്ള നിറത്തിലുള്ള ദ്രാവകമാണു കഴിച്ചിരിക്കുന്നതെന്നും മറ്റു വിവരങ്ങൾ ഫോറൻസിക് ലാബിലെ പരിശോധനക്കു ശേഷമേ വ്യക്തമാകൂ എന്നും സർക്കിൾ ഇൻസ്പെക്ടർ എസ്.പി. സുധീരൻ പറഞ്ഞു.
ഇരുവരുടെയും പോസ്റ്റുമോർട്ടം ഇന്നു നടക്കും. സിനിയാണു നിശാന്തിന്റെ ഭാര്യ. മക്കൾ-ഗോഡ്വിൻ, ഗോഡ്സണ്, ഗിഫ്റ്റി. ബിജു അവിവാഹിതനാണ്.
മദ്യം എവിടെനിന്ന് ?സംശയം ആസിഡിലേക്കും
വ്യാജമദ്യം കഴിച്ചു രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇവർ കഴിച്ച മദ്യത്തിൽ വിഷം കലർന്നിരുന്നുവോയെന്നാണ് സംശയം.
ഇവർക്കു മദ്യം ആരാണു നൽകിയതെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. പല വാറ്റു കേന്ദ്രങ്ങളിലും പോലീസും എക്സൈസും പരിശോധന നടത്തുണ്ട്.
ഇവർക്കു ലഭിച്ച മദ്യത്തിൽ ഉയർന്ന അളവിൽ ആസിഡിന്റെ സാന്നിധ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. അതിനാലാണു കണ്ണിൽനിന്നു പുകച്ചിൽ ഉണ്ടായത്.
മദ്യത്തിൽ ഫോർമാലിന്റെ അംശം ഉണ്ടെന്നാണു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ജില്ലാ റൂറൽ എസ്പി ജി. പൂങ്കുഴലി സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തു പരിശോധന നടത്തുന്നുണ്ട്.