അമ്പലപ്പുഴ: പുറക്കാട് കരൂര്‍ വീട്ടിൽ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ബാറുകളിൽ നിന്നുള്ള മദ്യ സാമ്പിളുകൾ പോലീസ് പരിശോധനക്കയച്ചു.
അമ്പലപ്പുഴ, പറവൂർ എന്നീ ബാറുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പോലീസ് പരിശോധനയ്ക്കയച്ചത്. കരൂരിൽ നടന്ന റെയ്ഡിൽ വ്യാജ വിദേശ മദ്യം നിർമിക്കാനായുള്ള സ്പിരിറ്റും മദ്യങ്ങളുടെ ലേബലുകളും മദ്യം നിറയ്ക്കാനുള്ള പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിലധികമായി ഈ വീട് കേന്ദ്രീകരിച്ച് വ്യാജ വിദേശ മദ്യ നിർമാണവും വിൽപ്പനയും നടന്നു വന്നിരുന്നു. ഇവിടെ നിർമിച്ച മദ്യം അമ്പലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ബാറുകളിലടക്കം വിറ്റഴിച്ചതായാണ് പോലീസ് സംശയിക്കുന്നത്.
ഡാഡി വിൽസൺ എന്ന ബ്രാൻഡാണ് കൂടുതലായി വിറ്റഴിച്ചിരിക്കുന്നത്. വ്യാജമദ്യമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ബാറുടമകൾ ഇവ വാങ്ങി വിറ്റഴിച്ചിട്ടുണ്ടെങ്കിൽ ബാറുടമകൾ ഉൾപ്പെടെയുള്ളവരെ കേസിൽ ഉൾപ്പെടുത്തേണ്ടി വരും .
എന്നാൽ പ്രമുഖരായ ബാറുടമകൾക്ക് ഭരണരാഷ്്ട്രീയത്തിൽ വലിയ സ്വാധീനമുള്ളതിനാൽ പോലീസ് ഇതിന് തയാറാകുമോയെന്ന് കണ്ടറിയണം.പ്രതികൾക്ക് സ്പിരിറ്റ് ലഭിച്ചതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം വന്നാൽ മാത്രമേ ഈ ബാറുകളിൽ വ്യാജ മദ്യ വിൽപ്പന നടന്നോയെന്ന് അറിയാൻ കഴിയു.രണ്ട് ദിവസം മുൻപ് ബാറുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.