കരുനാഗപ്പള്ളി: ചെറുകിട മദ്യ കച്ചവടക്കാർക്ക് വ്യാപകമായരീതിയിൽ ചാരായം കലർത്തിയ സ്പിരിറ്റ് ഇന്നോവ കാറിലും സ്വിഫ്റ്റ് കാറിലും കൊണ്ടുവന്നു ആവശ്യക്കാർക്കു എത്തിച്ചു നല്കുന്നതായ രഹസ്യ വിവരം എക്സൈസിന് ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിൽ അറസ്റ്റിലായ രണ്ടുപേരെ റിമാൻഡു ചെയ്തു.
പുത്തൻതെരുവ് ഫിസാക ഓഡിറ്റോറിയത്തിന് സമീപത്തു നിന്നും ആണ് ഇവർ പിടിയിലായത്. കുലശേഖരപുരം വില്ലേജിൽ കൊച്ചു കരിപ്പോലിൽ തെക്കതിൽ വീട്ടിൽ കൊച്ചനി എന്ന് വിളിക്കുന്ന ബിജുവിനെയും (35)കുലശേഖരപുരം വില്ലേജിൽ ഷംനാദ് മൻസിലിൽ ഷംനാദിനെയും (28) ഡിയോ സ്കൂട്ടറിൽ കച്ചവടത്തിനായി കടത്തിക്കൊണ്ട് വന്ന പത്ത് ലിറ്റർ ചാരായം കലർത്തിയ സ്പിരിറ്റുൾപ്പടെയാണ് പിടികൂടിയത്.
ബിജു സൗദി അറേബ്യയിൽ ചാരായം വാറ്റി വിറ്റതിനു ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എക്സൈസുകാർ ഇരുവരെയും പിടിക്കുടുന്നതിനിടയിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതി ബിജുവിനെ പിടികൂടുന്നതിനിടയിൽ റേഞ്ച് ഇൻസ്പെക്ടർ എ. ജോസ്പ്രതാപിന് കൈയിനും കാലിനും പരിക്കേറ്റു.
എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ്പ്രതാപ് പ്രിവന്റീവ് ഓഫീസർ എം. സുരേഷ്കുമാർ ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, സജീവ്കുമാർ, പ്രസാദ്, വനിതാ സിഇഒ ശ്രീമോൾ എന്നിവരുടെ സാന്നിധ്യത്തിൽ ആണ് അനധികൃത ചാരായവും വ്യാജ മദ്യവും പിടികൂടിയത്.