കാട്ടാക്കട : കാട്ടാക്കടയിലെ ബാറിൽ നിന്നും ഇറങ്ങിയ ആളിൽ നിന്നും എട്ടുലിറ്റർ വ്യാജ വിദേശ മദ്യം പിടിച്ചെടുത്തു. മദ്യവു മായി പുറത്തേക്കിറങ്ങുന്പോൾ ഇയാൾ പോലീസിനെ കണ്ട് ഓടാൻ ശ്രമിച്ചു. ഓടുന്നതിനെ ഇയാളുടെ മടികുത്തിൽ നിന്നും മദ്യം താഴെ വീഴുകയും ഓടാൻ കഴിയാതാകുകയും ചെയ്തു.
തുടർന്നാണ് ഇയാൾ പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും സർക്കാർ മുദ്രകളോ ഹോളോഗ്രാമോ ഇല്ലാത്ത എട്ട് ലിറ്റർ വിദേശമദ്യം പോലീസ് കണ്ടെടുത്തു.
ഇന്നലെ രാവിലെ ഒൻപതു മണിയോടെ കാട്ടാക്കടയിലെ ബാറിൽനിന്നും മദ്യവുമായി വന്ന തിരുവല്ലം, പനതുറയിൽ സുബ്രഹ്മണ്യൻ ക്ഷേത്രത്തിനു സമീപം പുന്നവിളാകത്തു വീട്ടിൽ ബിജു (45 ) ആണ് പോലീസ് പിടിയിലായത്.
കാട്ടാക്കട പോലീസ് പട്രോളിംഗിനിടെ ബാറിന് സമീപത്തു എത്തുമ്പോൾ ഇവിടെ സാമൂഹ്യ അകലം ഇല്ലാതെ മദ്യം വാങ്ങാൻ നിരന്നു നിന്നവർ നാലുപാടും ഓടി. ഇതിനിടെ മദ്യവുമായി ഇവർക്കിടയിലൂടെ ഓടാൻ ശ്രമിച്ച ബിജുവിന്റെ കൈവശമുണ്ടായിരുന്ന മദ്യക്കുപ്പികൾ ഊർന്നു വീണതിനാൽ ഇയാൾക്ക് ഓടി മാറാൻ കഴിഞ്ഞില്ല.
ഇതു ശ്രദ്ധയിൽപ്പെട്ട ഗ്രേഡ് എസ്ഐ ഹെൻഡേഴ്സന്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. പരിശോധനയിൽ ഊർന്നു വീണ കുപ്പികൾ കൂടാതെ ശരീരത്തിൽ വസ്ത്രത്തിനിടയിലും ഒളിപ്പിച്ച മദ്യമുൾപ്പടെ ഇയാളിൽ നിന്നും എട്ട് ലിറ്റർ മദ്യവും കണ്ടെടുത്തു.
കണ്ടെടുത്ത കുപ്പികളിൽ ഒന്നും തന്നെ സർക്കാർ ഹോളോഗ്രാം ഉണ്ടായിരുന്നില്ല എന്നും അളവുകളിലും വ്യത്യാസം ഉള്ളതായും പോലീസ് കണ്ടെത്തി. ഇതോടെ ഇയാളെ കാസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ എത്തിച്ചു.
ബെവ്കോ ആപ്പിലൂടെ ബുക്ക് ചെയ്തല്ല മദ്യം വാങ്ങിയതെന്ന് ഇയാൾ വിശദ ചോദ്യം ചെയ്യലിൽ സമ്മതിച്ചായി പോലീസ് പറഞ്ഞു. ഇതിനു ബില്ലുകളും കൈവശം ഉണ്ടായിരുന്നില്ല.
തുടർന്ന് ഇയാളിൽ നിന്നും മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തതായും വിവരം എക്സൈസ് വകുപ്പിന് കൈമാറിയതായും കാട്ടാക്കട ഇൻസ്പെക്ടർ ഓഫ് പോലീസ് ഡി. ബിജുകുമാർ പറഞ്ഞു.
ഇതോടൊപ്പം ഹോളോ ഗ്രാം പതിക്കാത്ത മദ്യം എങ്ങനെ വിൽപ്പനയ്ക്ക് എത്തി എന്നതും ഇതിന്റെ ഉറവിടവും മറ്റും എക്സൈസുമായി സഹകരിച്ചു അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
മദ്യസാമ്പിൾ ശേഖരിച്ച ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.