ചെറായി: അയ്യന്പിള്ളി കിഴക്ക് തറവട്ടത്ത് ചെമ്മീൻ കെട്ട് നടത്തിപ്പിന്റെ മറവിൽ നടന്ന് വന്നിരുന്ന ലഹരി വിൽപ്പന കേന്ദ്രത്തിൽ എക്സൈസ് നടത്തിയ വൻ റെയ്ഡിൽ പിടിച്ചെടുത്ത 53 ലിറ്റർ വിദേശ മദ്യം വ്യാജനെന്ന എക്സൈസ് കണ്ടെത്തി.
മക്ഡോൾ ബ്രാൻഡിലുളള വ്യാജ സ്റ്റിക്കർ പതിപ്പിച്ച 500 മില്ലിയുടെ 106 കുപ്പികളിലാക്കിയാണ് മദ്യം സൂക്ഷിച്ചിരുന്നത്. കഞ്ചാവിനും ഹാൻസിനും ഒപ്പമാണ് ഇത് സൂക്ഷിച്ചിരുന്നത്. സ്റ്റിക്കറിൽ ഡിസ്റ്റിലറിയുടെ പേരൊന്നും ഇല്ലത്രേ. തൃശൂർ ജില്ലയിൽ നിന്നാണ് ഇത് എത്തുന്നതെന്നാണ് സൂചന.
എക്സൈസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവും വടക്കൻ മേഖലയിൽ നിന്നാണത്രേ എത്തുന്നത്. ഇവിടെ വൻ തോതിൽ സംഭരിക്കുന്ന കഞ്ചാവും ഹാൻസും പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിയാണ് വില്പന നടത്തുന്നത്. ഇവിടെ നിന്നും ചെറു കിട വിൽപ്പനക്കാരും വിദ്യാർഥികളും വാങ്ങിക്കൊണ്ട് പോയി ചെറിയ പൊതികളിലാക്കി വില്പന നടത്തുകയാണ് പതിവ്.
മദ്യം 500 മില്ലിയുടെ കുപ്പിക്ക് 500 രൂപക്കാണ് ലഹരി വിൽപ്പന കേന്ദ്രത്തിൽ വിൽക്കുന്നത്. ഒന്നാം പ്രതിയായ ചെറായി മേക്കരത്തറ രാധാകൃഷ്ണനാണ്-39 ലഹരി വില്പന കേന്ദ്രം നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു. രാധാകൃഷ്ണൻ അറസ്റ്റിലായതോടെ കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന മാല്യങ്കര സ്വദേശി ഒളിവിലായതായാണ് സൂചന.
വീട്ടുടമയായ അയ്യന്പിള്ളി മനപ്പിള്ളി കൊച്ചുതറ ജയ(49), കുഴുപ്പിള്ളി തുണ്ടിപ്പുറം നികത്തുതറ അജിത(45) എന്നിവർ സഹായികളാണ്. പ്രതികൾക്കെതിരേ അബ്കാരി ആക്ടും നർകോട്ടിക് ആക്ടും അനുസരിച്ച് കേസെടുത്തിട്ടുണ്ട്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.