കോട്ടയം: കാറിൽ ചുറ്റിയടിച്ചു വ്യാജ ചാരായവും വ്യാജ മദ്യവും വില്പന നടത്തിയ രണ്ടംഗ സംഘത്തെ എക്സൈസ് അധികൃതർ പിടികൂടിയത് സിനിമാസ്റ്റൈലിൽ.
നീണ്ടൂർ ഓണംതുരുത്ത് ആയിരവേലി മാമ്മൂട്ടിൽ സരുണ് സന്തോഷ് (23), നീണ്ടൂർ ഓണംതുരുത്ത് സിനി ഭവനിൽ ഷൈമോൻ (35) എന്നിവരെയാണ് എക്സൈസ് കമ്മിഷണറുടെ സ്ക്വാഡും എക്സൈസ് സ്പെഷൽ സ്ക്വാഡും ചേർന്ന് ഇന്നലെ വൈകുന്നേരം പിടികൂടിയത്.
ഇവരുടെ കൈയിൽനിന്ന് വ്യാജ മദ്യവും ചാരായവും കാറും പിടിച്ചെടുത്തു. മദ്യവുമായി കാറിലെത്തിയ സംഘത്തെ റോഡിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസ് അധികൃതർ തടഞ്ഞു. ഇതോടെ എക്സൈസ് അധികൃതരെ വെട്ടിച്ചു സംഘം കാറുമായി കടന്നുകളഞ്ഞു.
എന്നാൽ എക്സൈസിന്റെ മറ്റൊരു സംഘം കാർ റോഡിനു കുറുകെയിട്ട് രണ്ടംഗസംഘത്തെ തടഞ്ഞു പിടികൂടുകയായിരുന്നു. ഇവരിൽ നിന്നു മദ്യം വാങ്ങാൻ എത്തിയ ആളുകളെ എക്സൈസ് സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണവും ആരംഭിച്ചു.
ഇവർക്കു ചാരായം എത്തിച്ചു നൽകിയ വാഹനം എക്സൈസ് സംഘം കണ്ടെത്തി. ചാരായം വാറ്റുന്ന സംഘത്തെ കണ്ടെത്തുന്നതായി എക്സൈസ് പരിശോധനയും ആരംഭിച്ചു.
ആയിരം രൂപയിൽ താഴെ മാത്രം വില വരുന്ന മദ്യ ബ്രാൻഡുകൾ നാലായിരം രൂപയ്ക്കു വരെയാണ് ഇവർ വിറ്റിരുന്നതെന്നും ഒരു ലിറ്റർ മാത്രമുള്ള വാറ്റ് ചാരായത്തിന് മൂവായിരം രൂപ വരെയും പ്രതികൾ ഈടാക്കിയിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.വി. ദിവാകരൻ, എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗവും പ്രിവന്റീവ് ഓഫീസറുമായ ഫിലിപ്പ് തോമസ്, കെ.എൻ. സുരേഷ്, എക്സൈസ് ഇൻസ്പെക്ടർ ട്രെയിനിമാരായ നിധിൻ തോമസ്, സിജോ വർഗീസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫിസർമാരായ കെ. രാജീവ്, റെജി കൃഷ്ണ, സിവിൽ എക്സൈസ് ഓഫിസർ നെജീബ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ പി.എസ്. അഞ്ജു, ഡ്രൈവർ വിനോദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.