കൊല്ലം: ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വ്യാജ വിദേശ മദ്യം നിർമ്മിച്ച് വിതരണം ചെയ്ത മൂന്നു പേരെ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ് അറസ്റ്റ് ചെയ്തു.
കായംകുളം ചൂനാട് സ്വദേശിയും മുൻ എക്സൈസ് ഉദ്യോഗസ്ഥനുമായ ഹാരിഷ്ജോൺ (51), കൊല്ലം കല്ലുംതാഴം സ്വദേശി രാഹുൽ(27), കിഴക്കേകല്ലട സ്വദേശി സഞ്ജയൻ (42) എന്നിവർ ആണ് അറസ്റ്റിലായത്.
കൊല്ലം അയത്തിൽ ഭാഗത്ത് 600 രൂപയുടെ ഒരു ലിറ്റർ മദ്യം 1500 രൂപയ്ക്ക് വിൽപന നടത്തുന്നതായി കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജെ.താജുദ്ദീൻകുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോണിന്റെ പ്രത്യേക നിർദേശത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് സംഘം അയത്തിൽ നടത്തിയ പരിശോധനയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 28 ലിറ്റർ വ്യാജ വിദേശ മദ്യവുമായി രാഹുലിനെയും സജഞ്ജയനേയും പിടികൂടി.
പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് കായംകുളം കരീലകുളങ്ങര കേന്ദ്രീകരിച്ച് ഹാരിഷ് ജോണിന്റെ നേതൃത്വത്തിൽ വ്യാജമദ്യ നിർമാണ യൂണിറ്റിന്റെ വിവരം ലഭിക്കുകയും ചെയ്തു.
ഹാരിഷ് ജോൺ വാടകക്ക് എടുത്ത ബഹുനില കെട്ടിടം പരിശോധിച്ചതിൽ സ്പിരിറ്റിൽ വിവിധ ഫ്ലളേവറുകൾ കലർത്തിയ 480 ലിറ്റർ വ്യാജ മദ്യവും, മദ്യം നിറക്കുവാനായി സൂക്ഷിച്ചിരുന്ന 5320 കാലിമദ്യ കുപ്പികളും, കുപ്പികൾ സീൽ ചെയ്യുവാൻ ഉപയോഗിക്കുന്ന ഹൈടെക് സീലിങ് മെഷീൻ, സ്പിരിറ്റ് നിറച്ച് വെച്ചിരുന്ന 50 കാലി കന്നാസുകളും മറ്റും പിടികൂടി.
പാലക്കാട് ആലത്തൂർ ഉള്ള മുൻ സ്പിരിറ്റ് കേസ് പ്രതിയിൽ നിന്നാണ് സ്പിരിറ്റ് ലഭിക്കുന്നത് എന്നും, ഗോവയിൽ നിന്നാണ് മദ്യ നിർമാണത്തിനാവശ്യമായ ഫ്ലളേവറുകൾ, ഈ വ്യാജ സ്റ്റിക്കറുകളും മറ്റും ശിവകാശിയിൽ ആണ് നിർമിക്കുന്നതെന്നും പ്രതികൾ സമ്മതിച്ചു.
എക്സൈസ് ഇൻസ്പെക്ടർ രാജീവ്, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, മനു കെ മണി, ശ്രീനാഥ്, രാജഗോപാൽ ചെട്ടിയാർ, വിഷ്ണു എന്നിവർ പങ്കെടുത്തു.