കൊച്ചി: ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെ കോസ്മെറ്റിക് ഷോപ്പിൽനിന്ന് അനധികൃത സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ സൗന്ദര്യ വർധക ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ വ്യാപക പരിശോധനയ്ക്കൊരുങ്ങി ഡ്രഗ്സ് കണ്ട്രോൾ വിഭാഗം. മറൈൻ ഡ്രൈവിലെ മൊത്തവിതരണ സ്ഥാപനത്തിൽനിന്ന് നിർമാണ രേഖകളില്ലാത്ത അര ഡെസനോളം വസ്തുക്കളാണ് പരിശോധനയിൽ കണ്ടെടുത്തത്.
പിടിച്ചെടുത്ത വസ്തുക്കൾക്കൊന്നിനും കൃത്യമായ രേഖകൾ ഇല്ലായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണെന്ന് കടയുടമകൾ അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത നിലവാരമില്ലാത്ത വസ്തുക്കളാണിവയെന്ന് എറണാകുളം ജില്ലയുടെ ചുമതയുള്ള ഡ്രഗ്സ് കണ്ട്രോൾ വിഭാഗം ഉദ്യോഗസ്ഥൻ എ. ഷാജു പറഞ്ഞു.
ഇവിടെ നിന്നു വാങ്ങിയ ഹെയർ ഓയിൽ ഉപയോഗിച്ച് മുടി പൊഴിഞ്ഞതായും ചൊറിച്ചിൽ ഉണ്ടായതായും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി നൽകിയ പരാതിയിലായിരുന്നു പരിശോധന നടത്തിയത്. ഉത്പന്നങ്ങൾ പരിശോധിച്ചതിൽ മിക്കവയിലും നിർമാണ തീയതിയോ കാലാവധി അവസാനിക്കുന്ന തീയതിയോ രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല ഇവ എവിടെനിന്ന് എത്തിച്ചു എന്നതിനും രേഖകൾ ഇല്ലായിരുന്നു.
മുടി വളരാനുള്ള വൈറ്റമിൻ ഇ-ഗുളികകൾ, അലോവെര ജെൽ, ഹെന്ന പൗഡർ, മുഖത്ത് തേയ്ക്കുന്ന ക്യാപ്സ്യൂളുകൾ എന്നിവയാണ് പിടിച്ചെടുത്തത്. നിർമാതാക്കളുടെ വിവരങ്ങളും പായ്ക്കിംഗിൽ ഇല്ല. ഉത്പന്നങ്ങളുടെ ശരിയായ ബില്ലും വിൽപ്പനക്കാരുടെ പക്കൽ ഇല്ലെന്ന് ഡ്രഗ്സ് കണ്ട്രോൾ വിഭാഗം അറിയിച്ചു.