കുമരകം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിദേശ മദ്യവില്പന നിർത്തിവെച്ചതോടെ വ്യാജ മദ്യം ഒഴുകുന്നു. ഇന്നലെ കവണാറ്റിൻകരയിൽ രണ്ടു യുവാക്കളെയാണ് വ്യാജമദ്യവുമായി പോലീസ് പിടികൂടിയത്.
കവണാറ്റിൻകര ആർഎആർഎസിനുസമീപം വീട്ടിൽ വാറ്റ് നടത്തിക്കൊണ്ടിരുന്ന കുമരകം കവണാറ്റിൻ കരയിൽ പുളിമൂട്ടിൽ ഷൈജു (31), കുന്നത്തുചിറ സുധീഷ് (26) എന്നിവരെയാണ് കുമരകം പോലീസ് പിടികൂടിയത്.
പോലീസിന് ഇന്നലെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണു പുളിമൂട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന യുവാക്കളെ പിടിച്ചത്.
രണ്ടു ലിറ്റർ ചാരായവും വാറ്റു ഉപകരണങ്ങളും പിടികൂടി. വാറ്റാൻ ഉപയോഗിച്ച കോട പ്രതികൾ മറിച്ചു കളഞ്ഞെങ്കിലും ഉപകരണങ്ങളും ചാരായവും പ്രതികളോടൊപ്പം കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കുമരകം എസ്ഐ എസ്. സുരേഷ്, ഗ്രേഡ് എസ്ഐ സത്യൻ, സിപിഒമാരായ പ്രദീഷ്, അനീഷ്, ഗിരീഷ് എന്നിവർ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.