കായംകുളം: നോട്ടുകളുടെ കളർ കോപ്പിയെടുത്ത് ഇതര സംസ്ഥാന വ്യാപാരികളെ കബളിപ്പിക്കുന്നതിനിടെ പിടിയിലായ പ്രവാസി മലയാളിയെ കോടതി റിമാൻഡ് ചെയ്തു. കായംകുളം ഓലകെട്ടിയന്പലം പുളിമൂട്ടിൽ അനുവർഗീസ് (31) നെയാണ് റിമാൻഡ് ചെയ്തത്.
കായംകുളം സിഐ കെ.സദൻ, എസ്ഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രിന്ററും കളർ കോപ്പിയെടുത്ത 2000, 500, 200 നോട്ടുകളും പോലീസ് കണ്ടെടുത്തിരുന്നു.
ഇതര സംസ്ഥാന കച്ചവടക്കാർക്ക് കളർ കോപ്പിയെടുത്ത നോട്ടുകൾ നൽകി ഒറിജിനൽ നോട്ടുകൾ ചില്ലറകളായി മാറ്റിയെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കൃഷ്ണപുരത്ത് ദേശീയപാതയോരത്ത് ബലൂണ്‍ കച്ചവടം നടത്തിയ രാജസ്ഥാൻ സ്വദേശിക്ക് രണ്ടായിരത്തിന്റെ കളർ കോപ്പിയെടുത്ത നോട്ട് നൽകി നൂറു രൂപയുടെ ബലൂണ്‍ വാങ്ങിയിരുന്നു.
ഒറിജിനൽ നോട്ടാണെന്ന് കരുതി വാങ്ങിയ കച്ചവടക്കാരൻ 1900 രൂപ ബാക്കി നൽകുകയും ചെയ്തു. എന്നാൽ സമീപത്തെ മറ്റൊരു കടയിൽ നോട്ട് മാറാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. വീണ്ടും അനുവർഗീസ് രണ്ടായിരം രൂപയുടെ കളർ പ്രിൻറ് കോപ്പിയുമായി ബലൂണ്‍ വാങ്ങാൻ ഇതരസംസ്ഥാന കച്ചവടക്കാരുടെ അടുക്കൽ ചെന്നപ്പോൾ ഇവരും മറ്റ് വ്യാപാരികളും ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് വീട്ടിൽ വച്ചാണ് നോട്ടുകളുടെ കളർ പ്രിൻറ് കോപ്പികൾ എടുത്തതെന്ന് ഇയാൾ മൊഴിനൽകിയത്. തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി കളർ പ്രിന്ററും, കോപ്പി എടുത്ത നോട്ടുകളും കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ഇയാൾ അബുദാബിയിൽ നിന്നും അവധിക്കായി നാട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു.