മട്ടന്നൂർ: സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ജനങ്ങളിൽ ഭീതിയും ആശങ്കയും പരത്തുന്നതായി ആക്ഷേപം. ‘നെല്ലൂന്നിൽ ആർഎസ്എസ് പ്രവർത്തകനു വെട്ടേറ്റു, നാളെ കണ്ണൂർ ജില്ലയിൽ ഹർത്താൽ’ എന്നുമുള്ള വ്യാജവാർത്തയാണ് ഏറ്റവും അവസാനത്തെ പ്രചാരണം. രാഷ്ട്രീയ സംഘർഷമുണ്ടായ പ്രദേശങ്ങളിൽ വെട്ടേറ്റുവെന്നും മരിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തേയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു.
ഇത്തരം വ്യാജവാർത്തകൾ വാട്സാപ്പിലും ഫെയ്സ്ബുക്കിലുമാണു വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഇതോടെ പത്രമോഫീസുകളിലേക്കു ഫോണുകൾ പ്രവഹിക്കുകയാണ്. കൊലപാതകം നടന്നുവോ, ഹർത്താലുണ്ടോ തുടങ്ങിയവയാണ് എല്ലാവർക്കും അറിയേണ്ടത്. ഇന്നലെ രാത്രി മുതലാണു നെല്ലൂന്നിയിൽ ആർഎസ്എസ് പ്രവർത്തകനു വെട്ടേറ്റുവെന്ന പ്രചാരണമുണ്ടായത്.
കഴിഞ്ഞ ദിവസം ആർഎസ്എസ് പ്രവർത്തകനായ നിഖിലിനു നെല്ലൂന്നിയിൽ വച്ചു വെട്ടേറ്റിരുന്നു. സമാധാനം നിലനില്ക്കുന്ന പ്രദേശത്തു സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു വാട്സാപ്പ് പ്രചാരണമെന്നും ഇത്തരക്കാർക്കെതിരേ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.