കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയ ആഭ്യന്തരവകുപ്പിനെതിരേ സിപിഎമ്മില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകനെതിരേ പോലീസിന്റെ വ്യാജരേഖ. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തടയാന്‍ പോലീസ് കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ചത്. ഓട്ടോ ഡ്രൈവര്‍ രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിലാണ് എലത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ഒ.കെ.ശ്രീലേഷിനെതിരേ വധക്കേസില്‍ പ്രതിയാണെന്നും ജാമ്യം നല്‍കരുതെന്നും വ്യാജ രേഖയുണ്ടാക്കി ഹൈക്കോ ടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
സമരത്തില്‍ പങ്കെടുത്തതിനും മറ്റും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വിശദമാക്കിയാണ് പോലീസ് അപേക്ഷ തയാറാക്കിയത്. ഈ കേസുകള്‍ക്കിടയിലാണ് ഇന്ത്യന്‍ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരമുള്ള കേസ് ശ്രീലേഷിനെതിരേയുണ്ടെന്ന് ബോധിപ്പിച്ചത്. എന്നാല്‍ ഇത് ഏത് കേസാണെന്നോ മറ്റുള്ള വിവരങ്ങളോ ഒന്നും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇതോടെ സിപിഎം ഏരിയാകമ്മറ്റി പോലീസിനെതിരേ രംഗത്തെത്തി.
പോലീസിലെ ചില ഉദ്യോഗസ്ഥര്‍ സിപിഎമ്മിനെ വേട്ടയാടാനും സര്‍ക്കാറിനെ മോശപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരേ പോലീസ് സ്റ്റേഷനിലേക്ക് സമരം സംഘടിപ്പിക്കുമെന്നും ഏരിയാകമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ തയാറാക്കിയതില്‍ സംഭവിച്ച പിഴവാണിതെന്നും തയാറാക്കിയ പോലീസുകാരനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എലത്തൂര്‍ പോലീസ് പറയുന്നത്.
സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. എലത്തൂര്‍ കൊട്ടേടത്ത് ബസാറിലെ പഞ്ചിംഗ് സ്റ്റേഷന് സമീപത്തുവച്ചാണ് രാജേഷിനെ ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചത്. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നതായാണ് പറയുന്നത്. ഇതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദനം സഹിക്കാതെ രാജേഷ് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍നിന്ന് പെട്രോളെടുത്ത് ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പറയുന്നത്.
ഗുരുതരമായി തീപൊള്ളലേറ്റ രാജേഷിനെ ആദ്യം കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മര്‍ദിച്ച് പരിക്കേല്പ്പിച്ചവരുടെ വിവരവും മറ്റും രാജേഷ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തത്.