പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതിയായ ഭഗവൽസിംഗ് എന്ന കടകംപള്ളി ബാബു നാട്ടിലെ പ്രശസ്തനായ തിരുമ്മു വൈദ്യൻ.
പേരുകേട്ടാൽ ഉത്തരേന്ത്യക്കാരനാണെന്ന് തോന്നുമെങ്കിലും ഇയാളുടെ അച്ഛൻ ആഞ്ഞിലിമൂട്ടിൽ വാസുവൈദ്യൻ മകനു നൽകിയ പേരാണിത്.
അച്ഛൻ വാസുവൈദ്യനും അറിയപ്പെടുന്ന തിരുമ്മുവൈദ്യനായിരുന്നു. കുന്പളാംപൊയ്കയിലെ ഭാനുവൈദ്യരുടെ സഹോദരനാണ് വാസു വൈദ്യൻ.
ഇക്കാരണത്താൽ പാരന്പര്യമായി ലഭിച്ച തിരുമ്മുശാസ്ത്രം കുടുംബത്തിനു നാട്ടിൽ പേരുണ്ടാക്കിക്കൊടുത്തു.
ഇലന്തൂരിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തന്നെയാണ് ഇവരുടെ തിരുമ്മുശാലയും. ഭഗവൽസിംഗ് തിരുമ്മു തുടങ്ങിയതോടെ പ്രത്യേകം തിരുമ്മുശാല നിർമിച്ചു.
തിരുമ്മൽ ചികിൽസയ്ക്കായി ഇവിടെ രാത്രിയും പകലും വാഹനങ്ങൾ വരാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇലന്തൂർ മാർക്കറ്റിന് സമീപം പുളിന്തിട്ട ഭാഗത്താണ് വീടും തിരുമ്മുശാലയും പ്രവർത്തിക്കുന്നത്.
തൊട്ടരികിൽ മറ്റൊരു വീടുണ്ടെങ്കിലും അവിടെ മതിൽ കെട്ടി തിരിച്ചിരിക്കുന്നതിനാൽ ഭഗവൽസിംഗിന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ ഉണ്ടാകാറില്ല.
കിഴക്കുഭാഗത്ത് തുറസായ സ്ഥലമാണ്. വടക്കു ഭാഗത്ത് കാവും വൃക്ഷങ്ങളുമാണ്.
ഭഗവൽസിംഗ്, സിപിഎം പ്രാദേശിക നേതാവു കൂടിയായിരുന്നു. കഴിഞ്ഞയാഴ്ച മല്ലപ്പള്ളിയിൽ നടന്ന കർഷകസംഘം ജില്ലാ സമ്മേളനത്തിൽ പ്രതിനിധിയുമായിരുന്നു.
ലൈബ്രറി പ്രവർത്തനങ്ങളിലടക്കം സജീവമാണ്. പൊതുവിജ്ഞാനത്തിൽ അടക്കം ക്ലാസുകളെടുക്കുകയും ചെയ്യും. ഭക്തിമാർഗമാണ് പ്രധാനം.
നാട്ടുകാരുമായി നല്ല സഹകരണത്തിലുമായിരുന്നു ഇവർ. തിരുമ്മാനെത്തുന്ന നാട്ടുകാരിൽ നിന്നു പണം ചോദിച്ചു വാങ്ങിയിരുന്നില്ല.
എന്നാൽ സമീപകാലത്ത് ഒരു തിരുമ്മലിന് 500 രൂപ വാങ്ങിയിരുന്നതായി പറയുന്നു.
തിരുമ്മു വൈദ്യനെന്നതിനൊപ്പം വർഷങ്ങളായി ഫേസ്ബുക്കിലും സജീവമാണ് ഭഗവൽസിംഗ്. ഫേസ് ബുക്ക് കൂട്ടായ്മയിൽ ഇയാൾ ഏറെപ്പേർക്കും മാഷാണ്.
ഫേസ്ബുക്ക് ലൈവിലെത്തി പഠനക്ലാസും നടത്താറുണ്ട്. വായനയുടെ ലോകത്തുനിന്ന് വിശാലമായ അറിവു സന്പാദിക്കാൻ ഈ പഴയ ബിരുദധാരിക്കു മടിയുണ്ടായിരുന്നില്ല.
കോവിഡ് കാലത്ത് പഠനക്ലാസുമായി സജീവമായിരുന്നു. പിന്നീട് ഇത് തുടർന്നു.
ആരുടെയും സംശയങ്ങൾക്ക് മറുപടി നൽകുമായിരുന്നു. മാഷ് അറസ്റ്റിലാണെന്നറിഞ്ഞതോടെ ഫേസ്ബുക്ക് പേജിൽ നിന്നും പലരും ഇറങ്ങിയോടുകയാണ്. തിങ്കളാഴ്ച രാത്രി തന്നെ പലരും ഫ്രണ്ട്ഷിപ്പ് മുറിച്ചിരുന്നു.