വെഞ്ഞാറമൂട്: വ്യാജ രേഖകൾ ചമച്ച് വാഹന കച്ചവടം ഉൾപ്പെടെ തട്ടിപ്പ് നടത്തുന്ന സംഘം അറസ്റ്റിൽ. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാരുതി വാഹനം കൈവശപ്പെടുത്തിയ ശേഷം തിരിച്ചു നൽകുന്നില്ല എന്ന് മഞ്ഞപ്പാറ വട്ടത്താമര കോണത്ത് പുത്തൻവീട്ടിൽ സിദ്ദിഖിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കിളിമാനൂർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കണ്ണങ്കര തോപ്പിൽ ഹൗസിൽ നിന്നും നഗരൂർ ചെമ്മരത്തും മുക്ക് കുറിയേടത്ത് കോണം തോപ്പിൽ ഹൗസിൽ ഷിജു കരീം (31), ചെങ്കിക്കുന്നു കായാട്ട് കോണം ചരുവിള പുത്തൻ വീട്ടിൽ ജോതിഷ് കൃഷ്ണൻ(കണ്ണൻ-26), കിളിമാനൂർ വർത്തൂർ മുന്നിനാട് വീട്ടിൽ ( പുളിമാത്ത്, മൊട്ടലു വിള മേടയിൽ വീട്ടിൽ ബിജു റഹ്മാൻ (29) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്നും വ്യാജമായി നിർമിച്ച ആർസി ബുക്കുകൾ, വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വ്യാജമായി നിർമിച്ച ആധാർ കാർഡുകൾ, വ്യാജ മുദ്ര പത്രങ്ങൾ എന്നിവ കണ്ടെടുത്തു.
വ്യാജ രേഖകൾ നിർമിക്കുന്നതിനു വേണ്ടി ഉപയോഗിച്ചിരുന്ന ലാപ് ടോപ്പുകൾ, കംപ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവുകൾ, കേബിളുകൾ എന്നിവയും പോലീസ് കസ്റ്റഡിയിൽ എടുത്തു.വ്യാജ രേഖകൾ നൽകി ഏകദേശം പത്തോളം വാഹനങ്ങൾ കിളിമാനൂരിലും പരിസരത്തും വില്പന നടത്തിയിട്ടുള്ളതായി പ്രതികൾ പറയുന്നു.
ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുന്നതായി പോലിസ് പറഞ്ഞു. കിളിമാനൂർ സിഐ കെ.ബി മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.