കിഴക്കമ്പലം: ഡിസിസി സെക്രട്ടറിയെ പുറത്താക്കാന്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മിച്ചെന്ന ആരോപണത്തിൽ കുന്നത്തുനാട് കോണ്‍ഗ്രസില്‍ തമ്മിലടി മുറുകുന്നു. ഡിസിസി സെക്രട്ടറി ബി. ജയകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിര്‍മിച്ചെന്ന ആരോപണമാണ് പാര്‍ട്ടിക്കുളളില്‍ വിവാദം സൃഷ്ടിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയകുമാര്‍ കോലഞ്ചേരി കോടതി മുഖാന്തിരം നല്കിയ കേസില്‍ മൊഴിയെടുക്കുന്നതിന് സ്ഥലം എംഎല്‍എ വി.പി. സജീന്ദ്രനെ പോലീസ് സമീപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ജയകുമാറിന്റെ പേരിലുളള ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്നും സ്ഥലം എംഎല്‍എക്കെതിരേ ഇട്ട പോസ്റ്റ് എന്ന പേരില്‍ സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഈ വിവരം ജയകുമാറിനെ അറിയിച്ചത്. സംഭവം വ്യാജമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ജയകുമാര്‍ പിറ്റേദിവസം തന്നെ കുന്നത്തുനാട് പോലീസില്‍ പരാതി നല്കി. എന്നാല്‍ പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്ന് കോലഞ്ചേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.
കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ സ്ഥലം എംഎല്‍എ അടക്കം അഞ്ച് പേരാണ് സാക്ഷികള്‍. എംഎല്‍എ യുടെ ഫോണില്‍ നിന്നും സ്ക്രീന്‍ ഷോട്ട് ലഭിച്ച മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളാണിവര്‍. ഇവരുടെ സാക്ഷി മൊഴികള്‍ പോലീസ് രേഖപ്പെടുത്തുന്നതിനിടയില്‍ ജയകുമാറിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് ശേഷമാണ് എംഎല്‍എയുടെ മൊഴിയെടുക്കാന്‍ പോലീസ് ശ്രമമാരംഭിച്ചത്.
ഇതിനായി മുന്‍കൂര്‍ അനുമതി വാങ്ങി പോലീസ് എംഎല്‍എയുടെ താമസ സ്ഥലത്ത് ചെന്നെങ്കിലും അദേഹം എത്തിയില്ല. ഇതേ സമയം സംഭവം പാര്‍ട്ടിക്ക് ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞ് അച്ചടക്ക നടപടികള്‍ പിന്‍വലിച്ച് ജയകുമാറിനെ കൊണ്ട് നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ നീക്കമാരംഭിച്ചിട്ടുണ്ട്.