കോഴിക്കോട്: ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് വ്യാജഫേസ്ബുക്ക് പേജുണ്ടാക്കി പണം തട്ടുന്ന സംഘത്തെ കണ്ടെത്താന്‍ അന്വേഷണസംഘം ഉത്തരേന്ത്യയിലേക്ക്.
ഝാര്‍ഖണ്ഡ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത “ഓപ്പറേഷന്’ വഴിയാണ് സംസ്ഥാനത്തെ ഉന്നത പോലീസുദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ആരംഭിച്ചത്.
ഇതിന് പിന്നില്‍ വന്‍ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടെത്തുകയെന്നത് ഏറെ സങ്കീര്‍ണമാണെന്ന് സൈബര്‍ പോലീസ് അറിയിച്ചു. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയാല്‍ കേസില്‍ തുമ്പുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഇതിനുള്ള അനുമതി തേടി അന്വേഷണസംഘം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസില്നിന്നുള്പ്പെടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്താനാവും.
നിലവില്‍ സൈബര്‍ പോലീസ് ഡിവൈഎസ്പി ടി. ശ്യാംലാല്‍, ഇന്‍സ്പക്ടര്‍മാരായ എച്ച്. മുഹമ്മദ് ഖാന് , ബിനോജ് എന്നിവരുള്‍പ്പെടുന്ന 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിജിപി ഋഷിരാജ് സിംഗ്, ഐജി പി.വിജയന് തുടങ്ങിയവരുള്‍പ്പെടെ സംസ്ഥാനത്തെ നിരവധി പോലീസുദ്യോഗസ്ഥരുടെ ഫേസ്ബുക്ക് പേജുകളാണ് ഹാക്ക് ചെയ്തത്.
സംഭവത്തില്‍ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ഉപയോഗിച്ച സിം കാര്‍ഡ് സംബന്ധിച്ചുള്ള വിവരം മാത്രമാണ് ലഭിച്ചത്. ഇത് രാജസ്ഥാന്, ഹരിയാന എന്നിവിടങ്ങളിലുള്ളവരുടേതാണ്. സിം കാര്‍ഡ് വാങ്ങാനുപയോഗിച്ച തിരിച്ചറിയല്‍ രേഖകളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
അതേസമയം സിം കാര്‍ഡ് ഇപ്പോള്‍ ഉപയോഗിക്കുന്നത് തിരിച്ചറിയില്‍ കാര്ഡിലുള്ളവരാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഋഷിരാജ് സിംഗിന്റെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവര്‍ ഉപയോഗിച്ച അഞ്ച് സിം കാര്‍ഡുകള്‍ ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് മേല്‍വിലാസത്തിലുള്ളതാണ്.
പി. വിജയന്റെ പേരില്‍ രാജസ്ഥാന്, ഹരിയാന മേല്‍വിലാസത്തിലുള്ള രണ്ട് സിം കാര്‍ഡും ഉപയോഗിച്ചിട്ടുണ്ട്.പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നത് ഉത്തരേന്ത്യയിലെ വന്‍ സംഘമാണെന്നും ഇവരെ പിടികൂടുകയെന്നത് സങ്കീര്‍ണമാണെന്നും അന്വേഷണസംഘാംഗങ്ങള്‍ അറിയിച്ചു.
നേരത്തെ തെലങ്കാന ഡിഐജിയുടെ പേരില്‍ സമാന തട്ടിപ്പു നടത്തിയ നാലുപേര്‍ അവിടെ അറസ്റ്റിലായിരുന്നു. ഇതുസംബന്ധിച്ച് തെലങ്കാന പോലീസില്‍ നിന്നു സൈബര്‍ ക്രൈം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.