ഇടുക്കി: ഇടുക്കി രൂപത ബിഷപ്പ് മാർ ജോണ് നെല്ലിക്കുന്നേലിനെ വധിക്കാൻ കൂട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി.വർഗീസ് മന്ത്രി എംഎം മണിക്ക് എഴുതുന്നതെന്ന രീതിയിൽ തയാറാക്കിയ കത്തു പ്രചരിച്ച സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സി.വി.വർഗീസ് പോലീസ് ഉന്നത ഉദ്യോഗസ്ഥർക്കും ഹൈടെക് ക്രൈം എൻക്വയറി സെല്ലിനും പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പു കാലമായതിനാൽ കത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്നാണ് സിപിഎം നേതാക്കളുടെ ആവശ്യം.
വ്യാജമായി തയാറാക്കിയ കത്തും ബിഷപ്പിന്റെ ജീവൻ അപകടത്തിലാണ് രക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള സന്ദേശവും വൈദികർക്കും വിവിധ സ്ഥാപനങ്ങൾക്കുമാണ് ലഭിച്ചത്. കട്ടപ്പന ചെന്പകപ്പാറ സ്വദേശിയായ ഒരാൾ വിദേശത്തുനിന്നും ഇടുക്കി ന്യൂസ് എന്ന വെബ് സൈറ്റിലൂടെയാണ് സന്ദേശമയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സി.വി.വർഗീസിനു പുറമെ ജില്ലയിലെ പ്രമുഖനായ കോണ്ഗ്രസ് നേതാവിന്റെ പേരും കത്തിൽ പരാമർശിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ ലെറ്റർപാഡ് വ്യാജമായി നിർമിച്ചാണ് വ്യാജ കത്തു തയാറാക്കിയിരിക്കുന്നത്. കത്തു തയാറാക്കിയതും അയച്ചതും വിദേശത്തു നിന്നായതിനാൽ ഇന്റർ പോളിന്റെ സഹായത്തോടെ ഉത്തരവാദിയെ കണ്ടെത്താനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനിടെ കത്തുമായി ബന്ധപ്പെട്ട് ഇടുക്കി രൂപത അധികൃതർ പോലീസിൽ പരാതി നൽകിയിട്ടില്ല.
ബിഷപ്പിനെ അപായപ്പെടുത്തുമെന്നരീതിയിൽ ലഭിച്ചിരിക്കുന്ന ഇ-മെയിൽ സന്ദേശത്തോട് പ്രതികരിക്കാനില്ലെന്നു രൂപതാ കേന്ദ്രം വ്യക്തമാക്കി. ഏതാനും നാളുകൾക്ക് മുന്പ് ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പുകാലത്ത് ഇത്തരം പല രീതിയിലുള്ള പ്രചരണങ്ങളുണ്ടാകും.
അതിനെ മുഖവിലയ്ക്കെടുക്കുന്നില്ല. ഇനിയും ഇത്തരം പ്രചരണങ്ങളുണ്ടായേക്കാം. ഇതിനെ ഗൗരവത്തോടെ എടുക്കുന്നില്ലെന്നും രൂപതാ ആസ്ഥാനത്തു നിന്നും വ്യക്തമാക്കി. മേഘാലയയിലായിരുന്ന ബിഷപ്പ് മാർ ജോണ് നെല്ലിക്കുന്നേൽ ഇന്നലെ രാത്രിയാണ് രൂപത ആസ്ഥാനത്ത് മടങ്ങിയെത്തിയത്.